കീഴാറ്റൂരിന്റെ സമ്പന്നമായ കാർഷിക പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഹരിതമിത്ര അവാർഡ് ജേതാവ് രജീഷ് കല്ലംവള്ളി

2026 ഓഗസ്റ്റ് 26 • 08:06 AM
അകം ന്യൂസ് ഡെസ്ക്

ഓണം മലയാളിയുടെ ആഘോഷം മാത്രമല്ല, കാർഷിക പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. മണ്ണിനെയും കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു ജനതയുടെ ഉത്സവകാലം. ആ കാർഷിക പാരമ്പര്യത്തെ ചേർത്തുപിടിച്ച് ഇന്നും മണ്ണിൽ അധ്വാനിക്കുന്ന കർഷകരുടെ ജീവിതം ഓണത്തിന്റെ നിറവിൽ കൂടുതൽ പ്രസക്തമാകുന്നു.

കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശിയായ രജീഷ് കല്ലംവള്ളി അത്തരമൊരു കാർഷിക ജീവിതത്തിന്റെ വേറിട്ട മാതൃകയാണ്. പരമ്പരാഗത കൃഷിജ്ഞാനത്തോടൊപ്പം ആധുനിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സമന്വയിപ്പിച്ച് കൃഷിയെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുകയാണ് ഈ യുവകർഷകൻ.

കീഴാറ്റൂരിന്റെ മണ്ണിൽ നിന്ന് മികച്ച കർഷകനുള്ള 'ഹരിതമിത്ര' പുരസ്കാരം നേടി സംസ്ഥാനതല അംഗീകാരത്തിലേക്ക് ഉയർന്ന ഈ യാത്രയിൽ ഒട്ടേറെ അനുഭവങ്ങളുണ്ട്; വന്യജീവി ശല്യം മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള പ്രതിസന്ധികളും, വിപണിയിലെ വെല്ലുവിളികൾ മുതൽ കൃഷിയിലെ നൂതന പരീക്ഷണങ്ങൾ വരെയുള്ള സാധ്യതകളും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും നാട്ടുകാരുടെ സഹകരണവും തുണയായ ഈ മുന്നേറ്റത്തിൽ, പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കേണ്ടതിന്റെ ആവശ്യകതയും രജീഷ് ഓർമ്മിപ്പിക്കുന്നു.

കാർഷികോത്സവമായ ഓണത്തിന്റെ പശ്ചാത്തലത്തിൽ, മണ്ണിനോടും കൃഷിയോടുമുള്ള ആത്മബന്ധത്തെക്കുറിച്ച് രജീഷ് കല്ലംവള്ളിയുമായി അകം ന്യൂസ് പ്രതിനിധി പ്രശോഭ് രവി യുമായി നടത്തിയ പ്രത്യേക അഭിമുഖം.

മികച്ച കർഷകനുള്ള ഹരിതമിത്ര അവാർഡ് ഏറ്റുവാങ്ങുന്ന രജീഷ് കല്ലം വള്ളി

ചോ : സംസ്ഥാനതല കർഷക അവാർഡ് ലഭിച്ചെന്ന വാർത്ത അറിഞ്ഞ നിമിഷം എന്തായിരുന്നു പ്രതികരണം? വർഷങ്ങളായുള്ള കർഷകജീവിതത്തിന് ലഭിച്ച അംഗീകാരമായി ഇതിനെ എങ്ങനെ കാണുന്നു?

സത്യത്തിൽ ഒരിക്കലും ഇത്തരമൊരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും, സമ്പന്നമായ കാർഷിക പാരമ്പര്യമുള്ള കീഴാറ്റൂരിന്റെ മണ്ണിലേക്ക് പണ്ടേ എത്തേണ്ടിയിരുന്ന ഒരു അംഗീകാരമായാണ് ഇതിനെ കാണുന്നത്. കണ്ണൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പച്ചക്കറി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നാണ് കീഴാറ്റൂർ. അതുകൊണ്ടുതന്നെ ഈ നാടിന്റെ പ്രതിനിധിയായി ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്.

തളിപ്പറമ്പ് നഗരസഭയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ നിന്ന്

ചോ : കൃഷിയിലേക്ക് എത്തിപ്പെട്ടതിന് പിന്നിലെ പ്രചോദനം എന്തായിരുന്നു? കുടുംബപാരമ്പര്യമാണോ, അതോ സ്വന്തം തീരുമാനമോ?

പാരമ്പര്യമായി ഞങ്ങളൊരു കർഷക കുടുംബമാണ്. ചെറുപ്പം മുതൽക്കേ കണ്ടും അറിഞ്ഞും വളർന്ന മേഖല. അതുകൊണ്ടുതന്നെ മറ്റൊരു ജോലി തേടിപ്പോകുന്നതിനെക്കാൾ സ്വാഭാവികമായി കൃഷിയിലേക്ക് തന്നെ ഇറങ്ങുകയായിരുന്നു. മണ്ണിലിറങ്ങി പണിയെടുക്കുക എന്നത് എന്നെ സംബന്ധിച്ച് ഒരു ജീവിതരീതി തന്നെയാണ്.

ചോ : കൃഷിയിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എന്തായിരുന്നു? അതിനെ എങ്ങനെയാണ് മറികടന്നത്?

നിലവിൽ ഏറ്റവും വലിയ വെല്ലുവിളി വന്യജീവി ശല്യമാണ്. കാട്ടുപന്നിയും മയിലും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ്. അതോടൊപ്പം കായീച്ചയുടെ ശല്യവുമുണ്ട്.

കായീച്ചയെ പ്രതിരോധിക്കാൻ ഫെറോമോൺ കെണികളാണ് ഉപയോഗിക്കുന്നത്. മയിലുകളെ അകറ്റാൻ പടക്കം പൊട്ടിക്കാറുണ്ട്. പന്നികൾ കൃഷിയിടത്തിൽ കടക്കാതിരിക്കാൻ തോട്ടത്തിന് ചുറ്റും വലകെട്ടി സംരക്ഷിച്ചിരിക്കുന്നു. എന്നിരുന്നാലും വിളവെടുപ്പ് സമയങ്ങളിൽ രാത്രി കൃഷിയിടത്തിൽ തന്നെ ഷെഡ് കെട്ടി കാവലിരിക്കേണ്ടി വരാറുണ്ട്.

ചോ : ഇന്നത്തെ സാഹചര്യത്തിൽ കൃഷി സാമ്പത്തികമായി ലാഭകരമാണെന്ന് കരുതുന്നുണ്ടോ? സ്വന്തം അനുഭവം എന്താണ്?

എന്റെ അനുഭവത്തിൽ കൃഷി തീർച്ചയായും ലാഭകരമാണ്. കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ വലിയ നഷ്ടങ്ങൾ വരില്ല. ചില ഘട്ടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചാലും അടുത്ത വിളവെടുപ്പിലൂടെ അത് നികത്താൻ സാധിക്കും.

ഒറ്റ വിളയെ മാത്രം ആശ്രയിക്കാതെ വിവിധയിനം പച്ചക്കറികൾ ഒരേസമയം കൃഷി ചെയ്യുന്ന 'മിക്സഡ് ഫാമിങ്' രീതിയാണ് ഞാൻ പിന്തുടരുന്നത്. മഴക്കാലത്തും വേനൽക്കാലത്തും വ്യത്യസ്ത വിളകൾ ഇറക്കും. അതിനാൽ ഒന്നിൽ നഷ്ടമുണ്ടായാലും മറ്റൊന്നിലൂടെ ലാഭം ഉറപ്പാക്കാം. മഴക്കാലത്ത് ഫംഗസ് രോഗങ്ങളും ചീച്ചലും സാധാരണയായി ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ കാലാവസ്ഥ പൊതുവെ അനുകൂലമായിരുന്നു.

ചോ : കാലാവസ്ഥാ വ്യതിയാനവും കീടബാധകളും കൃഷിയെ ബാധിക്കുമ്പോൾ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കാറുള്ളത്?

കാലാവസ്ഥാ വ്യതിയാനം കർഷകരെ കാര്യമായി ബാധിക്കുന്നുണ്ട്. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ കൃത്യമായ പിന്തുണ ഇത്തരം ഘട്ടങ്ങളിൽ വലിയ ആശ്വാസമാണ്. കൃഷിഭവനിൽ നിന്നുള്ള ഉദ്യോഗസ്ഥർ നേരിട്ട് തോട്ടത്തിലെത്തി വിളകൾ പരിശോധിച്ച് പ്രതിവിധികൾ നിർദേശിക്കാറുണ്ട്. ശാസ്ത്രീയമായ ആ നിർദേശങ്ങൾ അതേപടി പാലിച്ചാണ് കീടബാധകളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നത്.

ചോ : കൃഷിയിൽ ശാസ്ത്രീയ രീതികളും നൂതന സാങ്കേതികവിദ്യകളും എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ട്?

ആധുനിക കൃഷിരീതിയായ പ്രിസിഷൻ ഫാമിങ് (Precision Farming) ഞാൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മഴക്കാലത്തും വേനലിലും ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്.

പരമ്പരാഗത രീതിയിൽ തോട്ടത്തിൽ തുടർച്ചയായി വളം ചേർക്കാനും കള പറിക്കാനും വലിയ അധ്വാനം വേണം. എന്നാൽ ആധുനിക രീതികളിലേക്ക് മാറുമ്പോൾ തുടക്കത്തിൽ ചില സാമ്പത്തികച്ചെലവുകളും വെല്ലുവിളികളും ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് വലിയ ലാഭമാണ് നൽകുക. പ്രധാനമായും ഫെർട്ടിഗേഷൻ (Fertigation - ഡ്രിപ്പ് ഇറിഗേഷൻ വഴി വെള്ളത്തോടൊപ്പം വളം നൽകുന്ന രീതി) ഉപയോഗിക്കുന്നത് വഴി അധ്വാനവും ചെലവും പകുതിയായി കുറയ്ക്കാൻ കഴിഞ്ഞു. കളകളുടെ ശല്യം കുറയുകയും കീടബാധ നിയന്ത്രണവിധേയമാവുകയും ചെയ്യും.

ചോ : കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി വിപണിയാണെന്ന് പറയാറുണ്ട്. സ്വന്തം ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നുണ്ടോ?

എന്നെ സംബന്ധിച്ച് വിപണനത്തിൽ ഇതുവരെ പ്രതിസന്ധി ഉണ്ടായിട്ടില്ല. വിഷരഹിതമായ നല്ല ഉൽപ്പന്നങ്ങൾ നൽകുമ്പോൾ ഉപഭോക്താക്കൾ നേരിട്ട് തോട്ടത്തിലെത്തി അന്വേഷിച്ച് വാങ്ങുകയാണ് ചെയ്യുന്നത്.

ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ മുഴുവൻ പ്രാദേശികമായി തന്നെ വിറ്റുപോകുന്നുണ്ട്. എത്ര ഏക്കറിൽ കൃഷി ചെയ്താലും ഗുണനിലവാരമുണ്ടെങ്കിൽ വിപണിയിൽ നല്ല ഡിമാൻഡ് ഉണ്ടാകും. അതിനാൽ ഇടനിലക്കാരുടെ ചൂഷണമോ വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടോ എന്നെ അലട്ടാറില്ല.

ചോ : പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ എന്താണ് ചെയ്യേണ്ടത്?

സ്കൂൾ തലം മുതൽ തന്നെ കുട്ടികൾക്ക് കൃഷിയിൽ പ്രായോഗിക പരിശീലനം നൽകണം. പുസ്തകങ്ങളിൽ വായിച്ചു പഠിച്ചതുകൊണ്ട് മാത്രം കൃഷിയിൽ വിജയിക്കാനാകില്ല.

തുടക്കക്കാർ വലിയ തോതിൽ മൂലധനമിറക്കി കൃഷിയിലേക്ക് ഇറങ്ങിയാൽ ചെറിയൊരു തിരിച്ചടിയിൽ പോലും നിരാശരായേക്കാം. അതിനാൽ ചെറിയ പരീക്ഷണങ്ങളിലൂടെ തുടങ്ങി, മണ്ണറിഞ്ഞ് പടിപടിയായി മുന്നേറാനുള്ള പരിശീലനമാണ് പുതുതലമുറയ്ക്ക് നൽകേണ്ടത്. പ്രായോഗിക അനുഭവങ്ങളിലൂടെ മാത്രമേ ആത്മവിശ്വാസം വളരൂ.

തൻ്റെ കൃഷിയിടത്തിൽ രജീഷ്

ചോ : അവാർഡ് നേട്ടത്തിന് ശേഷം കൃഷിരംഗത്ത് പുതിയ പദ്ധതികൾ വല്ലതും മനസ്സിലുണ്ടോ?

അവാർഡ് ലഭിച്ചതിന് ശേഷം നിരവധി സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ക്ഷണങ്ങൾ വരുന്നുണ്ട്. വരുംതലമുറയ്ക്ക് കൃഷിയെക്കുറിച്ച് പഠിക്കാൻ ഒരു പ്രായോഗിക പരിശീലന കേന്ദ്രം ഒരുക്കണമെന്നാണ് ആഗ്രഹം. തിയറിയും പ്രാക്ടിക്കലും ഒരുമിച്ച് അനുഭവവേദ്യമാകുന്ന ക്ലാസുകളും ഫീൽഡ് വിസിറ്റുകളും കുട്ടികൾക്കായി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ചോ : കൃഷിയിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവരോട് സ്വന്തം അനുഭവത്തിൽ നിന്ന് എന്താണ് പറയാനുള്ളത്?

തൊഴിലാളികളെ മാത്രം ആശ്രയിച്ച് കൃഷി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഞാൻ തൊഴിലാളികൾക്കൊപ്പം നേരിട്ട് മണ്ണിലിറങ്ങി ജോലി ചെയ്യുന്നയാളാണ്. അവർക്ക് എന്തെങ്കിലും അസൗകര്യം വന്നാൽ ആ പണി നമ്മൾ സ്വയം ചെയ്യണം.

കൂടാതെ കൃഷിക്കാരന് പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ, ഡ്രൈവിങ്, മരംകയറ്റം തുടങ്ങിയ അത്യാവശ്യ പണികളെല്ലാം സ്വന്തമായി അറിഞ്ഞിരിക്കുന്നത് വലിയ ഗുണം ചെയ്യും. ഓരോ ചെറിയ കാര്യത്തിനും മറ്റുള്ളവരെ കാത്തുനിൽക്കാതെ സ്വയം ചെയ്യാനുള്ള മനസ്സ് വേണം.

തളിപ്പറമ്പ് mla ടി കെ ഗോവിന്ദൻ രജീഷിൻ്റെ കൃഷിയിടം സന്ദർശിച്ചപ്പോൾ

ചോ : ഈ വിജയത്തിന് പിന്നിൽ കുടുംബത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ എത്രത്തോളമാണ്?

കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടാണ് വലിയ തോതിൽ കൂലിപ്പണിക്കാരെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ കഴിയുന്നത്.

അമ്മ, പെങ്ങന്മാർ, ഏട്ടന്മാർ എന്നിവരെല്ലാം സജീവമായി കൃഷിയിടത്തിൽ കൂടെയുണ്ട്. ഞാൻ സ്ഥലത്തില്ലാത്തപ്പോഴും തോട്ടത്തിലെ കാര്യങ്ങൾ നോക്കിനടത്താൻ അവർക്ക് കഴിയും. കുടുംബാംഗങ്ങളിൽ പലരും സൈന്യത്തിലും മറ്റ് വിവിധ മേഖലകളിലും ജോലി ചെയ്തു തിരിച്ചെത്തിയവരാണ്. അതുകൊണ്ടുതന്നെ പ്രത്യേകം നിർദേശങ്ങൾ നൽകാതെ തന്നെ കൃഷിപ്പണികൾ പരസ്പര ധാരണയോടെ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് സാധിക്കുന്നു.

ചോ : നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള സഹകരണം എങ്ങനെയാണ്?

നാട്ടുകാരുടെ പിന്തുണ വാക്കുകൾക്കതീതമാണ്. കൃഷി വ്യാപിപ്പിക്കാൻ സ്ഥലം ആവശ്യമുള്ളപ്പോൾ പലരും പാട്ടത്തുക പോലും വാങ്ങാതെ സ്ഥലം വിട്ടുനൽകാറുണ്ട്. "നിങ്ങൾ കൃഷി ചെയ്തോളൂ, സ്ഥലം കാടുകയറാതെ വൃത്തിയായി കിടക്കുമല്ലോ" എന്നാണ് അവരുടെ സ്നേഹത്തോടെയുള്ള നിലപാട്.

സുഹൃത്തുക്കളും നാട്ടുകാരും ഒഴിവുസമയങ്ങളിൽ തോട്ടത്തിൽ വന്ന് സഹായിക്കാറുണ്ട്. ഒരു വിളിപ്പാടകലെ എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന നാട്ടുകാരാണ് എന്റെ വലിയ ഊർജ്ജം.

രജീഷ് തൻ്റെ കൃഷിയിടത്തിൽ സുഹൃത്തുക്കൾക്കൊപ്പം

ചോ : കീഴാറ്റൂർ വയലിലൂടെ പുതിയ ബൈപ്പാസ് റോഡ് വന്നത് താങ്കളെപ്പോലുള്ള കർഷകരെ എങ്ങനെയെല്ലാമാണ് ബാധിച്ചത്?

കീഴാറ്റൂർ വയലിൽ സജീവമായി കൃഷി ചെയ്തിരുന്ന ഒരാളാണ് ഞാൻ. ബൈപ്പാസ് നിർമ്മാണത്തിന് ശേഷം അവിടെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൃഷിയിടങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ടാണ്. കൃത്യമായ നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ നിലവിൽ ചില ഭാഗങ്ങളിൽ കൃഷി ഇറക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.

ഭാവിയിൽ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾ വഴി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. വെള്ളക്കെട്ട് മാറിയാൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള ബാക്കി ഭൂമി പരമാവധി പ്രയോജനപ്പെടുത്തി വീണ്ടും പച്ചക്കറിക്കൃഷി വിപുലമാക്കാൻ സാധിക്കും. കീഴാറ്റൂരിന്റെ സമ്പന്നമായ കാർഷിക പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

ചിത്രങ്ങൾക്ക് കടപ്പാട് രജീഷിൻ്റെ ഫെയിസ് ബുക്ക് പേജ്