ചെന്നൈ: വിജയ്‌യെ ആദ്യമായി കണ്ട അനുഭവം ഓർത്തെടുത്ത് നടൻ ഫഹദ് ഫാസിൽ. തനിക്ക് ആദ്യമായി ‘നീയൊരു നടനാകും’ എന്ന് പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസിൽ വെളിപ്പെടുത്തി. ‘കാതലുക്ക് മര്യാദൈ’യുടെ സെറ്റിൽ വച്ചായിരുന്നു വിജയ്‌യെ ആദ്യമായി കാണുന്നതെന്നും ഫഹദ് പറഞ്ഞു. പുതിയ ചിത്രമായ ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സ്ന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് വിജയ് യുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്.
“വിജയ് സാറിനെ ആദ്യമായി കാണുന്നത് ‘കാതലുക്ക് മര്യാദൈ’യുടെ സെറ്റിലാണ്. ഞങ്ങളുടെ വീട്ടിൽ വച്ചുതന്നെയായിരുന്നു ഷൂട്ടിങ്. ഞാൻ വെക്കേഷന് വന്നതായിരുന്നു. എനിക്ക് അന്ന് 12-13 വയസുണ്ടാകും. ഫാദർ വിജയ് സാറിനെ വച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നു,” ഫഹദ് പറഞ്ഞു.
ജീവിതത്തിൽ ആദ്യമായി താൻ നടനാകുമെന്ന് പറഞ്ഞത് വിജയ് ആയിരുന്നുവെന്നും ഫഹദ് ഓർത്തെടുത്തു. “എന്നോട് ജീവിതത്തിൽ ആദ്യമായി നീയൊരു നടനാകുമെന്ന് പറഞ്ഞത് വിജയ് സാറാണ്. അന്ന് ഡീപ്പായിട്ടൊന്നും സംസാരിച്ചിട്ടില്ല. സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്,” ഫഹദ് പറഞ്ഞു.
‘കണ്ണുക്കുൾ നിലാവ്’ സിനിമയുടെ സമയത്ത് ‘ഖുഷി’യുടെ ആശയത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നതായും ഫഹദ് ഓർത്തെടുത്തു. “കണ്ണുക്കുൾ നിലാവ് സിനിമയുടെ സമയത്ത് ഖുഷി പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഐഡിയയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു,” എന്നും ഫഹദ് പറഞ്ഞു.
1997ൽ പുറത്തിറങ്ങിയ ‘കാതലുക്ക് മര്യാദൈ’ ഫാസിൽ സംവിധാനം ചെയ്ത ചിത്രമാണ്. വിജയ്‌യും ഷാലിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഫാസിലിന്റെ തന്നെ മലയാള ചിത്രം ‘അനിയത്തിപ്രാവി’ന്റെ തമിഴ് റീമേക്കായിരുന്നു.
സിനിമയിൽ വിജയ്‌യും ഫഹദ് ഫാസിലും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും ഒരു പരസ്യചിത്രത്തിൽ ഒരുമിച്ച് എത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇരുവരും അഭിനയിച്ച പരസ്യചിത്രം പിന്നീട് സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു.
