കണ്ണൂർ: മാനവികതയുടെ അംശങ്ങളെ അന്തർധാരയായി ഉൾക്കൊള്ളാൻ ശ്രമിക്കുന്ന നോവലാണ് സിന്ധു കെ.വി.യുടെ എമിലിയുടെ പുസ്തകം എന്ന് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം. കവയിത്രിയും മാടായി കോളേജ് അധ്യാപികയുമായ സിന്ധു കെ.വി.യുടെ പ്രഥമ നോവൽ കണ്ണൂരിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരി സിതാര എസ്. പുസ്തകം ഏറ്റുവാങ്ങി.
കവിതയിലൂടെ ശ്രദ്ധേയയായ സിന്ധു കെ.വി. നോവൽ രചനയിലേക്ക് കടക്കുമ്പോൾ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത് 172 പേജുകളിലായി വികസിക്കുന്ന വലിയൊരു ലോകമാണെന്ന് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. കൽപ്പറ്റ നാരായണൻ, റഫീഖ് അഹമ്മദ്, സോമൻ കടലൂർ തുടങ്ങിയ നിരവധി എഴുത്തുകാർ കവിതയിൽനിന്ന് നോവൽ രചനയിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനാവശ്യമായ വിവരണങ്ങളുടെ ഭാരമില്ലാതെ, ചെറിയ വാചകങ്ങളിലൂടെ മുന്നേറുന്ന രചനയാണ് എമിലിയുടെ പുസ്തകം. നോവലിന്റെ രാഷ്ട്രീയ നിലപാട് അതിന്റെ മുഖവുരയിലൂടെതന്നെ വ്യക്തമാകുന്നുണ്ടെന്നും മാനവികതയുടെ വിവിധ തലങ്ങളെ ആന്തരികമായി അവതരിപ്പിക്കാനുള്ള ശ്രമം കൃതിയിൽ പ്രകടമാണെന്നും സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു.
നോവൽ പൂർണമായി വായിച്ചുതീർന്നിട്ടില്ലെങ്കിലും എമിലി എന്ന കഥാപാത്രം ഏറെ ശക്തയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ സിതാര എസ്. പറഞ്ഞു. സിന്ധു കെ.വി.യുടെ രചനകളുടെ തലക്കെട്ടുകളിൽപ്പോലും കവിതയുടെ സാന്നിധ്യമുണ്ടെന്ന് കെ. രേഖ അഭിപ്രായപ്പെട്ടു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ പ്രകാശനച്ചടങ്ങ് കണ്ണൂർ സിറ്റി സെന്ററിലെ മാതൃഭൂമി ബുക്സിലാണ് നടന്നത്. മാതൃഭൂമി റീജണൽ മാനേജർ ജഗദീഷ് ജി. അധ്യക്ഷത വഹിച്ചു. ഡോ. സന്തോഷ് മാനിച്ചേരി, എ.ആർ. പ്രസാദ്, മാതൃഭൂമി ന്യൂസ് സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് സി.കെ. വിജയൻ, മാതൃഭൂമി ബുക്സ് കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് എം. സുനീഷ് എന്നിവർ സംസാരിച്ചു.
