ആശമാർക്കുള്ള വന്ധ്യംകരണ ഇൻസെന്റീവ് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി
ന്യൂഡൽഹി: രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമാക്കിയുള്ള പഴയ നയങ്ങളും സാമ്പത്തിക പ്രോത്സാഹനങ്ങളും പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (EAC-PM). വന്ധ്യംകരണവുമായി ബന്ധപ്പെട്ട ഇൻസെന്റീവുകൾ അവസാനിപ്പിക്കണമെന്നും രണ്ട് കുട്ടി നയം അടിസ്ഥാനമാക്കിയുള്ള അയോഗ്യതാ വ്യവസ്ഥകൾ പിൻവലിക്കണമെന്നും സമിതി ശുപാർശ ചെയ്തു.
EAC-PM അംഗം സഞ്ജീവ് സന്യാലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘The Ghost of Population Past: How Population Control Persists in India’ എന്ന പ്രവർത്തനപത്രത്തിലാണ് നിർദേശങ്ങൾ. രാജ്യത്തെ ജനസംഖ്യാ നിയന്ത്രണ നയങ്ങൾ നിലവിലെ ജനസംഖ്യാപരമായ സാഹചര്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം. ആശമാർക്കുള്ള ഇൻസെന്റീവുകളും ഒഴിവാക്കണം രണ്ട് കുട്ടികളിൽ കുടുംബം പരിമിതപ്പെടുത്തുന്നതിനും വന്ധ്യംകരണത്തിനുമായി ആശ (ASHA) പ്രവർത്തകർക്ക് നൽകുന്ന പ്രത്യേക പ്രോത്സാഹന തുകകൾ ഒഴിവാക്കണമെന്നാണ് സമിതിയുടെ മറ്റൊരു നിർദേശം. വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്ക് നൽകുന്ന പണമിടപാടുകൾ, വേതനനഷ്ടപരിഹാരം, സേവനദാതാക്കൾക്കുള്ള അധിക ഇൻസെന്റീവുകൾ എന്നിവയും പിൻവലിക്കണമെന്ന് റിപ്പോർട്ട് പറയുന്നു. നിലവിലെ ദേശീയ ആരോഗ്യ മിഷൻ മാർഗനിർദേശങ്ങളിൽ രണ്ട് കുട്ടികൾക്ക് ശേഷം സ്ഥിരമായ കുടുംബനിയന്ത്രണ മാർഗം സ്വീകരിക്കുന്ന ദമ്പതികളെ സഹായിക്കുന്ന ആശ പ്രവർത്തകർക്ക് ഇൻസെന്റീവ് വ്യവസ്ഥകൾ നിലവിലുണ്ട്. ‘രണ്ട് കുട്ടി’ നിബന്ധനകളും പിൻവലിക്കണം രണ്ട് കുട്ടികളിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി, ആനുകൂല്യങ്ങൾ, തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അയോഗ്യത ഏർപ്പെടുത്തുന്ന ‘രണ്ട് കുട്ടി’ മാനദണ്ഡങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പിൻവലിക്കണമെന്നാണ് EAC-PM -ലെ മറ്റെരു നിർദ്ദേശം ജനസംഖ്യാ നിയന്ത്രണം, ജനനനിരക്ക് കുറയ്ക്കൽ, ജനസംഖ്യാ സ്ഥിരത തുടങ്ങിയ ലക്ഷ്യങ്ങളെ ഔദ്യോഗിക നയരേഖകളിൽനിന്ന് ഒഴിവാക്കണമെന്നും സമിതി നിർദേശിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് പകരം കുടുംബാസൂത്രണം അതേസമയം, കുടുംബാസൂത്രണത്തിനും ഗർഭനിരോധന മാർഗങ്ങൾക്കും എതിരല്ല തങ്ങളുടെ നിലപാടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാതൃ-ശിശു ആരോഗ്യം, പ്രസവങ്ങൾക്കിടയിലെ ഇടവേള, വ്യക്തികളുടെയും ദമ്പതികളുടെയും സ്വന്തം തിരഞ്ഞെടുപ്പ് എന്നിവ മുൻനിർത്തിയുള്ള കുടുംബാസൂത്രണം തുടരണം എന്നാണ് സമിതിയുടെ നിലപാട്. ഇന്ത്യയിലെ ജനനനിരക്ക് 1.9 റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയുടെ മൊത്തം പ്രത്യുൽപാദന നിരക്ക് (TFR) 2024ൽ 1.9 ആയി കുറഞ്ഞുവെന്നാണ്. പകരം ജനസംഖ്യ നിലനിർത്താൻ ആവശ്യമായ ഏകദേശ നിരക്കായ 2.1-നേക്കാൾ താഴെയാണിത്. NFHS-6 കണക്കിൽ ഇത് 2.0 ആണ്. എന്നാൽ രാജ്യത്തുടനീളം സ്ഥിതി ഒരുപോലെയല്ല. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും ഉയർന്ന ജനനനിരക്ക് തുടരുമ്പോൾ ദക്ഷിണേന്ത്യയിലടക്കം നിരവധി സംസ്ഥാനങ്ങൾ ദീർഘകാലമായി പകരംവയ്ക്കൽ നിരക്കിന് താഴെയാണ്. അതിനാൽ സംസ്ഥാനങ്ങളുടെ വ്യത്യസ്തമായ ജനസംഖ്യാപരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുടുംബാസൂത്രണ നയങ്ങൾ മാറ്റണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ‘ജനസംഖ്യ നിയന്ത്രണം’ എന്ന സമീപനം മാറ്റണം കുടുംബാസൂത്രണം വ്യക്തികളുടെ ആരോഗ്യവും തിരഞ്ഞെടുപ്പും കേന്ദ്രീകരിച്ചായിരിക്കണമെന്നും ജനസംഖ്യയുടെ എണ്ണം കുറയ്ക്കുക എന്നത് സർക്കാർ നയത്തിന്റെ ലക്ഷ്യമായി തുടരേണ്ടതില്ലെന്നുമാണ് EAC-PMയുടെ പ്രധാന വാദം. പ്രധാനമായി ശ്രദ്ധിക്കേണ്ടത്: EAC-PMയുടെ ഈ നിർദേശങ്ങൾ ശുപാർശകളാണ്; ആശമാർക്കുള്ള നിലവിലെ എല്ലാ ആനുകൂല്യങ്ങളും ഉടൻ നിർത്തിയെന്നോ രാജ്യത്തെ രണ്ട് കുട്ടി നിബന്ധനകൾ ഇതിനകം റദ്ദാക്കിയെന്നോ അർത്ഥമില്ല. സർക്കാർ ഇവ സ്വീകരിച്ച് ഔദ്യോഗികമായി നടപ്പാക്കുന്നതിന് പ്രത്യേക തീരുമാനങ്ങളും ഉത്തരവുകളും ആവശ്യമായി വരും.
