കൊച്ചി: പപ്പുവ ന്യൂ ഗിനിയയുടെ ചരിത്രവും തദ്ദേശീയ സമൂഹത്തിന്റെ ജീവിതവും പശ്ചാത്തലമാക്കി സംവിധായകൻ ഡോ. ബിജു ഒരുക്കുന്ന പുതിയ ചിത്രം ‘മുസ്സാവു ദി ഫസ്റ്റ് സോങ്’ ചിത്രീകരണത്തിലേക്ക്. ഡോ. ബിജുവിന്റെ പതിനാറാമത്തെ സിനിമയായ ചിത്രം പപ്പുവ ന്യൂ ഗിനിയയിലെ തദ്ദേശീയ പാസ്റ്റർ തൗല ലിവോവയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കാണ്.
പപ്പുവ ന്യൂ ഗിനിയയിൽ പൂർണമായും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിർമാണം അവിടുത്തെ നിർമാണ കമ്പനിയായ NAFA Productions ആണ്. പാരുൾ അഗ്രവാളാണ് നിർമ്മാതാവ്. നോലേന തൗല വുനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അധ്യ പ്രസാദ് ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.
‘പപ്പ ബുക്കി’ന് ശേഷം വീണ്ടും പപ്പുവ ന്യൂ ഗിനിയിലേക്ക്
രണ്ട് വർഷം മുൻപ് ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക്’ പപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള ആദ്യമായി ഔദ്യോഗികമായി ഓസ്കറിന് സമർപ്പിക്കപ്പെട്ട ചിത്രമെന്ന പ്രത്യേകത നേടിയിരുന്നു. നിരവധി രാജ്യങ്ങളിലെ ചലച്ചിത്രമേളകളിൽ ഇന്ത്യയെയും പപ്പുവ ന്യൂ ഗിനിയയെയും പ്രതിനിധീകരിച്ച് ചിത്രം ഇപ്പോഴും യാത്ര തുടരുകയാണ്.
അതിന് പിന്നാലെയാണ് ഡോ. ബിജു വീണ്ടും പപ്പുവ ന്യൂ ഗിനിയിലേക്ക് എത്തുന്നത്. ഇത്തവണ പൂർണമായും പപ്പുവ ന്യൂ ഗിനിയൻ പശ്ചാത്തലത്തിലുള്ള വലിയൊരു സിനിമാ പദ്ധതിയാണ് സംവിധായകനെ കാത്തിരുന്നത്.
1930കളിലെ അസാധാരണ ജീവിതം
1930കളിൽ പസഫിക് സമുദ്രത്തിലെ വിദൂരമായ ഒരു ദ്വീപിൽ ജീവിച്ചിരുന്ന ആദിവാസി യുവാവ് ക്രിസ്ത്യൻ മിഷണറിമാരുടെ വരവോടെ പിന്നീട് പപ്പുവ ന്യൂ ഗിനിയയിലെ ശ്രദ്ധേയനായ പാസ്റ്ററായി മാറിയ കഥയാണ് സിനിമ പറയുന്നത്.
തൗല ലിവോവ എന്ന തദ്ദേശീയ പാസ്റ്ററുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും ആക്രമണങ്ങളും രോഗങ്ങളും മൂലം ഒരു ദശാബ്ദത്തിനുള്ളിൽ തന്നെ ഈ ജനത അപ്രത്യക്ഷമാകുമെന്ന് അന്നത്തെ ഓസ്ട്രേലിയൻ ഭരണകൂടം വിലയിരുത്തിയിരുന്നു. എന്നാൽ ആ പ്രവചനങ്ങളെ അതിജീവിച്ച ഒരു ജനതയുടെ ചരിത്രവും അതിനിടയിൽ തൗല ലിവോവ നടത്തിയ അസാധാരണമായ ജീവിതയാത്രയുമാണ് സിനിമയുടെ കേന്ദ്രം.
നാല് ഭാഷകളിൽ സിനിമ
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഗോത്രഭാഷകൾ ഉൾപ്പെടെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. 1930കളിലെ ഗോത്രജീവിതം, ആചാരങ്ങൾ, സംഘർഷങ്ങൾ, യുദ്ധങ്ങൾ, അന്നത്തെ സാമൂഹിക സാഹചര്യങ്ങൾ എന്നിവയെ ചരിത്രപരമായ കൃത്യതയോടെ അവതരിപ്പിക്കാനാണ് ശ്രമം.
കഴിഞ്ഞ എട്ട് മാസമായി തിരക്കഥാ ജോലികളിലായിരുന്നു ഡോ. ബിജുവും സംഘവും. കഥാകൃത്ത് ഡോ. ഹിൽഡ തനിമിയ, സഹതിരക്കഥാകൃത്തുക്കളായ ഡോ. ജോസസ് ഇമോണ, ഡോ. ജെന്നിഫർ ലിതാവു, വിവിധ ചരിത്രകാരന്മാർ എന്നിവരുമായി നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് തിരക്കഥയുടെ ഏഴാം ഡ്രാഫ്റ്റിൽ എത്തിയത്.
സിനിമ കണ്ടിട്ടില്ലാത്തവരും അഭിനേതാക്കൾ
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പ്രധാനമായും പപ്പുവ ന്യൂ ഗിനിയയിലെ ദ്വീപുവാസികളാണ് അഭിനേതാക്കളാകുന്നത് എന്നതാണ്. സിനിമ പോലും കണ്ടിട്ടില്ലാത്ത നിരവധി തദ്ദേശീയരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവർക്കൊപ്പം ഏതാനും യൂറോപ്യൻ അഭിനേതാക്കളും എത്തുന്നുണ്ട്.
മുന്നൂറിലധികം അഭിനേതാക്കളും, പപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള ഏകദേശം 150 ക്രൂ അംഗങ്ങളും, ഇന്ത്യയിൽ നിന്നുള്ള ഡോ. ബിജു ഉൾപ്പെടെ 20 സാങ്കേതിക പ്രവർത്തകരുമാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
45 കോടി രൂപയുടെ ബജറ്റ്
ഡോ. ബിജുവിന്റെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും വലിയ ബജറ്റിലും സ്കെയിലിലുമാണ് ‘മുസ്സാവു ദി ഫസ്റ്റ് സോങ്’ ഒരുങ്ങുന്നത്. ഏകദേശം 45 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
പപ്പുവ ന്യൂ ഗിനിയയിലെ മുസ്സാവു ദ്വീപിലും പിന്നീട് ഹൈലാൻഡ് മേഖലയിലെ ഗോരോക്ക വനങ്ങളിലും ചിത്രീകരണം നടക്കും. അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിമിതമായ മുസ്സാവു ദ്വീപിൽ സിനിമാ സംഘത്തിനായി താൽക്കാലിക താമസസൗകര്യങ്ങളും ടെന്റുകളും ടോയ്ലറ്റ് സംവിധാനങ്ങളും സ്റ്റാർലിങ്ക് ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
10 ടൺ ഉപകരണങ്ങളുമായി കടൽയാത്ര
ചിത്രീകരണത്തിനായി കൊച്ചിയിൽ നിന്ന് പുറപ്പെട്ട സംഘം അഞ്ചാം ദിവസമാണ് മുസ്സാവുവിലെത്തിയത്. കാവിയെങ്ങ് വരെ വിമാനമാർഗം എത്തിയ ശേഷം സിനിമയ്ക്കാവശ്യമായ ജനറേറ്ററുകൾ, ക്യാമറ ഉപകരണങ്ങൾ, സിങ്ക് സൗണ്ട് സംവിധാനങ്ങൾ, ലൈറ്റുകൾ, ആർട്ട്-കോസ്റ്റ്യൂം സാമഗ്രികൾ, മറ്റ് പ്രൊഡക്ഷൻ ഉപകരണങ്ങൾ തുടങ്ങി ഏകദേശം 10 ടൺ സാധനങ്ങളാണ് കപ്പലിൽ കയറ്റിയത്.
കേരളത്തിൽ നിന്നുള്ള ഭക്ഷ്യസാധനങ്ങളുടെ ഭാഗമായി അച്ചാറുകളും ചമ്മന്തിപ്പൊടിയും ഉൾപ്പെടെ നിരവധി സാധനങ്ങളും സംഘത്തോടൊപ്പമുണ്ടായിരുന്നു.
1930കളിലെ കഥയ്ക്ക് ഉപയോഗിക്കേണ്ട ഒരു ചെറിയ കപ്പലും ചിത്രീകരണത്തിനായി വാങ്ങി കെട്ടിവലിച്ചുകൊണ്ടുപോയതിനാൽ സാധാരണയായി 14 മണിക്കൂറിൽ പൂർത്തിയാകേണ്ട കടൽയാത്ര 22 മണിക്കൂർ വരെ നീണ്ടു. യാത്രയ്ക്കിടെ നിരവധി ഡോൾഫിനുകൾ കപ്പലിനെ അനുഗമിച്ചതായും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഒരു മാസത്തോളം മുസ്സാവു ദ്വീപിൽ ചിത്രീകരണം തുടരും.
ക്യാമറയ്ക്ക് പിന്നിലെ എട്ട് മാസത്തെ ചരിത്രപഠനങ്ങളും എഴുത്തും ഇനി കടലിനും കാടിനും നടുവിലെ ദൃശ്യങ്ങളായി മാറുകയാണ്. പപ്പുവ ന്യൂ ഗിനിയയുടെ സിനിമാ ചരിത്രത്തിൽ തന്നെ മറ്റൊരു ശ്രദ്ധേയ അധ്യായമാകാനുള്ള യാത്രയിലാണ് ‘മുസ്സാവു ദി ഫസ്റ്റ് സോങ്’.
