കൊച്ചി: കപ്പൽ അറ്റകുറ്റപ്പണിയുടെ ആഗോള കേന്ദ്രമായി കൊച്ചിയെ ഉയർത്താനുള്ള നിർണായക നീക്കവുമായി കൊച്ചിൻ ഷിപ്പ്‌യാർഡും ദുബായ് ആസ്ഥാനമായ ഡ്രൈഡോക്സ് വേൾഡും. ഇരു കമ്പനികളും ചേർന്ന് 1,800 കോടി രൂപ മൂല്യമുള്ള സംയുക്ത സംരംഭത്തിന് കരാറിൽ ഒപ്പുവച്ചു.
വില്ലിങ്ടൺ ഐലൻഡിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിലുള്ള ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി (ISRF)യുടെ നടത്തിപ്പും വികസനവും സംയുക്ത സംരംഭത്തിലൂടെയാകും. കൊച്ചിൻ ഷിപ്പ്‌യാർഡിനും ഡ്രൈഡോക്സ് വേൾഡിനും സംരംഭത്തിൽ 50 ശതമാനം വീതം ഓഹരി പങ്കാളിത്തമാണ്. ഡ്രൈഡോക്സ് വേൾഡിന്റെ പ്രതിനിധിയാകും സംയുക്ത സംരംഭത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
ഡൽഹിയിൽ നടന്ന ചടങ്ങിൽ ഡ്രൈഡോക്സ് വേൾഡ് ചീഫ് എക്സിക്യൂട്ടീവ് ക്യാപ്റ്റൻ റാഡോ ആന്റോലോവിച്ചും കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.ജെ. ജോസും കരാറിൽ ഒപ്പുവച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ, യുഎഇ വിദേശകാര്യ ഉപമന്ത്രി ഒമ്രാൻ ഷറഫ് അൽഹാഷിമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൊച്ചിക്ക് ആഗോള കപ്പൽ റിപ്പയർ ഹബ് പദവി
അന്താരാഷ്ട്ര കപ്പൽപ്പാതയോട് ചേർന്നുള്ള കൊച്ചിയുടെ തന്ത്രപ്രധാനമായ സ്ഥാനം, നിലവിലുള്ള കപ്പൽനിർമാണ-അറ്റകുറ്റപ്പണി അടിസ്ഥാനസൗകര്യങ്ങൾ, കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സാങ്കേതിക പരിചയം എന്നിവയാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ. ഡ്രൈഡോക്സ് വേൾഡിന്റെ ആഗോളതലത്തിലുള്ള കപ്പൽ അറ്റകുറ്റപ്പണി പരിചയവും ഇതുമായി ചേരും.
ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി മേഖലയെ കൂടുതൽ മത്സരക്ഷമമാക്കുകയും വിദേശ കപ്പലുകളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയും ചെയ്യുകയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. കൊച്ചിയെ പ്രാദേശികവും അന്തർദേശീയവുമായ കപ്പൽക്കമ്പനികൾക്ക് സേവനം നൽകുന്ന പ്രധാന കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമാക്കി മാറ്റാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
1,800 കോടിയുടെ ആസ്തി സംയുക്ത സംരംഭത്തിലേക്ക്
ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയെ സംയുക്ത സംരംഭത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ഇടപാടിന് ഏകദേശം 1,800 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. 50:50 പങ്കാളിത്തത്തിൽ രൂപീകരിക്കുന്ന സംരംഭത്തിലേക്ക് നിലവിലെ സൗകര്യങ്ങൾ കൈമാറി കൂടുതൽ വികസിപ്പിക്കാനാണ് പദ്ധതി.
വലിയ വാണിജ്യ കപ്പലുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണി, പരിപാലനം, നവീകരണം തുടങ്ങിയ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി ശേഷി വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കും പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കപ്പൽ അറ്റകുറ്റപ്പണി മേഖലയിൽ വേഗത്തിലുള്ള തീരുമാനമെടുക്കലും ആഗോള നിലവാരത്തിലുള്ള പ്രവർത്തനരീതികളും ഉറപ്പാക്കാൻ കഴിയുന്ന ഘടനയാണ് സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ആഭ്യന്തര അടിസ്ഥാനസൗകര്യവും ഡ്രൈഡോക്സ് വേൾഡിന്റെ അന്താരാഷ്ട്ര പരിചയവും ഒന്നിക്കുന്നതോടെ കൊച്ചിക്ക് ആഗോള കപ്പൽ അറ്റകുറ്റപ്പണി ഭൂപടത്തിൽ കൂടുതൽ ശക്തമായ സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
