കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) പാർക്ക് ചെയ്യുന്ന വിമാനങ്ങൾക്ക് ഇനി വിമാനത്തിന്റെ സ്വന്തം സഹായ വൈദ്യുത സംവിധാനമായ Auxiliary Power Unit (APU) ഉപയോഗിക്കുന്നതിന് പകരം വിമാനത്താവളത്തിൽനിന്ന് നേരിട്ട് വൈദ്യുതി നൽകുന്ന സംവിധാനം വരുന്നു. ഇതിനായി Bridge-Mounted Equipment (BME) സ്ഥാപിക്കാനാണ് സിയാലിന്റെ പദ്ധതി.
വിമാനങ്ങൾ എയറോബ്രിഡ്ജിൽ നിർത്തിയിടുമ്പോൾ വൈദ്യുതിയും നിയന്ത്രിത താപനിലയിലുള്ള വായുവും നൽകാൻ കഴിയുന്ന സംവിധാനമാണിത്. പദ്ധതിക്കായി സിയാൽ 15.04 കോടി രൂപ നിക്ഷേപിക്കും. വിമാനങ്ങളുടെ APU പ്രവർത്തിപ്പിക്കേണ്ട സാഹചര്യം കുറയുന്നതോടെ ഇന്ധന ഉപഭോഗവും ശബ്ദ മലിനീകരണവും കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
BME സംവിധാനം ഉപയോഗിക്കുന്നതിലൂടെ പ്രവർത്തനത്തിനനുസരിച്ച് മണിക്കൂറിൽ ഏകദേശം 122 മുതൽ 145 കിലോഗ്രാം വരെ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനാകുമെന്നാണ് സിയാലിന്റെ കണക്കുകൂട്ടൽ. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഓപ്പറേഷനുകൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സൗരോർജ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേരത്തേ തന്നെ ശ്രദ്ധ നൽകിയിട്ടുള്ള സിയാൽ, പുതിയ സംവിധാനത്തിലൂടെ വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സമയത്തെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ലക്ഷ്യമിടുന്നു.
