കുട്ടിക്കാലത്ത് ചിത്ര കഥാപുസ്തകങ്ങളുടെ നടുത്താളിൽ കുട്ടികൾക്കായി മിക്കപ്പോഴും ഒരു സമ്മാനം ഉണ്ടാകുമായിരുന്നു. പ്രിൻ്റ് ചെയ്ത ഒരു ഗെയിം ചാർട്ട് 60-കൾ മുതൽ രണ്ടായിരത്തിൻ്റെ തുടക്കകാലഘട്ടംവരെയുള്ള സമയത്ത് പ്രസിദ്ധീകരിച്ചിരുന്ന മലയാളികളുടെ പ്രിയപ്പെട്ട കഥാപുസ്തകങ്ങളുടെ നടു പേജ്കളായിരുന്നു മൊബൈൽ,ഓൺ ലൈൻ ഗെയിമുകൾ ഒക്കെ വരുന്നതിന് മുൻപ് കുട്ടികളുടെ ഗെയിമിങ്ങ് സെൻ്റർ. പറഞ്ഞു വരുന്നത് ആ ഗെയിമിനെക്കുറിച്ചല്ല ലോകത്താകമാനമുള്ള കുട്ടികളുടെ പ്രിയപ്പെട്ട ജുമാൻ ജി എന്ന സിനിമയെക്കുറിച്ചാണ്.
കുട്ടികളുടെ ചിത്ര കഥാപുസ്തകത്തിന്റെ ലളിതമായ ആശയത്തിൽ നിന്ന് തുടങ്ങി, ഹോളിവുഡിന്റെ ബോക്സ് ഓഫീസുകളെ കീഴടക്കി, ലൊക്കേഷൻ അധിഷ്ഠിത വിനോദ വ്യവസായത്തിൽ ബഹുശതകോടി ഡോളറിന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത അപൂർവ്വ ചലച്ചിത്ര പ്രതിഭാസമാണ് 'ജുമാൻജി' . സാഹിത്യ രൂപത്തിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസികളിലൊന്നായി മാറിയ ജുമാൻജിയുടെ വിപരിണാമവും വിപണി മൂല്യവും വിനോദ വ്യവസായത്തിൽ ഇന്നും വലിയ പഠനവിഷയമാണ്.
ജുമാൻജി വരുന്നു.
അമേരിക്കൻ എഴുത്തുകാരനും ചിത്രകാരനുമായ ക്രിസ് വാൻ ഓൾസ്ബർഗ് 1981-ൽ പുറത്തിറക്കിയ 32 പേജുകൾ മാത്രമുള്ള 'ജുമാൻജി' എന്ന ചിത്ര കഥാ പുസ്തകമാണ് ഈ സാമ്രാജ്യത്തിന്റെ ആധാരശില. കുട്ടിക്കാലത്ത് 'മോണോപോളി' പോലുള്ള ബോർഡ് ഗെയിമുകൾ കളിക്കുമ്പോൾ, ജയിക്കുമ്പോൾ കിട്ടുന്ന വ്യാജപ്പണം നൽകിയ നിരാശയിൽ നിന്നാണ് അദ്ദേഹത്തിൽ ഈ ആശയം ഉദിക്കുന്നത്. "ഒരു ബോർഡ് ഗെയിമിലെ നീക്കങ്ങളും അത് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയുണ്ടാകും" എന്ന ചോദ്യമാണ് ജുമാൻജിക്ക് ജീവൻ നൽകിയത്. ആഫ്രിക്കൻ ഭാഷയായ സുലുവിൽ നന്നാണ് "ജുമാൻജി“ എന്ന പേരിൻ്റെ വരവ്.നിരവധി പ്രത്യാഘാതങ്ങൾ എന്നാണ് ആ വാക്കിൻ്റെ അർത്ഥം.
ഒരു കുടുംബത്തിലേക്ക് കാട്ടുജീവികളും ആപത്തുകളും കടന്നുവരുമ്പോഴുണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളിലൂടെയുള്ള കടന്ന് പോക്കാണ് കഥയുടെ കാതൽ. കോണ്ടെ പെൻസിലും പെൻസിൽ പൊടിയും ഉപയോഗിച്ച് ഗ്രേ-ടോണിൽ വാൻ ഓൾസ്ബർഗ് ഒരുക്കിയ ചിത്രം 1982-ൽ പ്രശസ്തമായ കാൽഡെകോട്ട് മെഡൽ കരസ്ഥമാക്കി.
ക്രിസ് വാൻ ഓൾസ്ബർഗ് തന്റെ എല്ലാ പുസ്തകങ്ങളിലും ഒരു 'ബുൾ ടെറിയർ' നായയുടെ സാന്നിധ്യം ഉൾപ്പെടുത്താറുണ്ട്. ജുമാൻജിയിൽ ഒരു കളിപ്പാട്ട രൂപത്തിലാണ് ഈ നായ പ്രത്യക്ഷപ്പെടുന്നത്.
1995-ലെ സാങ്കേതിക വിപ്ലവവും ഡിജിറ്റൽ യുഗത്തിലെ പുനരവതാരവും
1995-ൽ ജോ ജോൺസ്റ്റൺ സംവിധാനം ചെയ്ത്, റോബിൻ വില്യംസ് തകർത്തു അഭിനയിച്ച 'ജുമാൻജി' ലോക സിനിമയിൽ തന്നെ പുതിയൊരു വഴിത്തിരിവായിമാറി. 26 വർഷമായി ഗെയിമിനുള്ളിൽ കുടുങ്ങിപ്പോയ അലൻ പാരിഷ് എന്ന കഥാപാത്രവും, തുടർന്ന് ഗെയിം കളിക്കുന്ന കുട്ടികളും ചേർന്നുള്ള സാഹസികത സിനിമാപ്രേമികൾ ഏറ്റെടുത്തു.
ഇൻഡസ്ട്രിയൽ ലൈറ്റ് & മാജിക്
ഒരുക്കിയ കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറിയും അനിമട്രോണിക്സും കൂട്ടിയിണക്കിയുള്ള വിഷ്വൽ ഇഫക്ട്സ്, മൃഗങ്ങളുടെ രോമങ്ങളും പേശിചലനങ്ങളും കൃത്യതയോടെ സ്ക്രീനിലെത്തിക്കുന്നതിൽ ഒരു പുതിയ നാഴികക്കല്ലായി മാറി.
കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച്, 2017-ൽ ജെയ്ക് കാസ്ദാൻ സംവിധാനം ചെയ്ത 'ജുമാൻജി: വെൽക്കം ടു ദി ജംഗിൾ' ബോർഡ് ഗെയിമിന് പകരം 90-കളിലെ ഒരു വീഡിയോ ഗെയിം കാർട്രിഡ്ജ് ആക്കി മാറ്റി. ഡ്വെയ്ൻ ജോൺസൺ, ജാക്ക് ബ്ലാക്ക്, കെവിൻ ഹാർട്ട്, കാരൻ ഗില്ലൻ എന്നിവർ അണിനിരന്ന ചിത്രം വീഡിയോ ഗെയിം ആവതാറുകളുടെ ബോഡി-സ്വാപ്പ് കോമഡി കൾ അവതരിപ്പിച്ച് പുതിയ തലമുറയെയും ആകർഷിച്ചു.
വിപണി മൂല്യവും ബോക്സ് ഓഫീസ് കണക്കുകളും
സോണി പിക്ചേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നാണ് ജുമാൻജി ഫ്രാഞ്ചൈസി. ബോക്സ് ഓഫീസിൽ നിന്ന് മാത്രം 2.1 ബില്യൺ ഡോളറിലധികം (ഏകദേശം 17,000 കോടിയിലധികം രൂപ) നേടാൻ ഈ പരമ്പരയ്ക്ക് സാധിച്ചു.
2017-ലെ ചിത്രം നോർത്ത് അമേരിക്കയിൽ 404 ദശലക്ഷം ഡോളറിലധികം നേടിക്കൊണ്ട്, അക്കാലത്ത് 'സ്കൈഫോൾ' പോലുള്ള ചിത്രങ്ങളെ മറികടന്ന് സോണി പിക്ചേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീയേറ്റർ വിജയമായി മാറി. അടുത്ത ഭാഗമായ 'ജുമാൻജി: ഓപ്പൺ വേൾഡ്' 2026 ഡിസംബർ 25-ന് തീയേറ്ററുകളിൽ എത്തിക്കാനാണ് സ്റ്റുഡിയോ ലക്ഷ്യമിടുന്നത്.
റോളർ കോസ്റ്ററുകളും തീം പാർക്കുകളും: ലൊക്കേഷൻ അധിഷ്ഠിത വിനോദ വ്യവസായം
സിനിമകൾക്കപ്പുറം ലൊക്കേഷൻ അധിഷ്ഠിത വിനോദ മേഖലയിലേക്ക് ഇറങ്ങിയതാണ് ജുമാൻജിയെ ഒരു ദീർഘകാല ആഗോള ബ്രാൻഡാക്കി മാറ്റിയത്. സോണി പിക്ചേഴ്സും മെർലിൻ എന്റർടൈൻമെന്റ്സും കൈകോർത്തുകൊണ്ട് യൂറോപ്പിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പിലാക്കി.
ഗാർഡാലാൻഡ് റിസോർട്ട് (ഇറ്റലി):
2022-ൽ 20 ദശലക്ഷത്തിലധികം യൂറോ നിക്ഷേപത്തിൽ 'ജുമാൻജി - ദി അഡ്വഞ്ചർ' എന്ന ഡാർക്ക് റൈഡ് ആരംഭിച്ചു.
ചെസ്സിംഗ്ടൺ വേൾഡ് ഓഫ് അഡ്വഞ്ചേഴ്സ് (ലണ്ടൻ):2023-ൽ 17 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് ചെലവിട്ട് 'വേൾഡ് ഓഫ് ജുമാൻജി' തീം പാർക്ക് യാഥാർത്ഥ്യമാക്കി. ഇവിടെയുള്ള മാൻഡ്രിൽ മേഹെം' (Mandrill Mayhem) ലോകത്തിലെ ആദ്യത്തെ ജുമാൻജി തീം റോളർ കോസ്റ്ററാണ്.
ഒരു ഭാവനാത്മക ആശയത്തിൽ നിന്ന് തുടങ്ങി സാങ്കേതിക വിപ്ലവത്തിലൂടെയും വിപണി തന്ത്രങ്ങളിലൂടെയും മുന്നേറിയ ജുമാൻജി, തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ആഗോള വിനോദ വ്യവസായത്തിൽ തങ്ങളുടെ സാമ്രാജ്യം തുടരുകയാണ്.
