ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളും പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് പാർലമെന്ററി സമിതിക്ക് മുന്നിൽ മാപ്പപേക്ഷ എത്തിയതെന്നാണ് റിപ്പോർട്ട്.
നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിയുമായി മെറ്റായുടെ മുതിർന്ന ഉദ്യോഗസ്ഥനായ ജോയൽ കപ്ലാൻ ഉൾപ്പെടെയുള്ള പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഏകദേശം 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ വിഷയത്തിൽ സമിതി കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചതായാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സംഭവത്തിൽ മെറ്റാ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതിനിടെ, ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കൾക്ക് ഉറപ്പുനൽകുന്ന വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലും സക്കർബർഗിനോട് പാർലമെന്ററി സമിതി വിശദീകരണം തേടിയിരുന്നു. മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ സക്കർബർഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തിലും മെറ്റാ പ്രതിനിധികൾക്ക് നേരെ സമിതി ശക്തമായ ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
