ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപപ്രദേശങ്ങളിലുമുള്ള വ്യോമഗതാഗതത്തിന് കടുത്ത നിയന്ത്രണം. സെപ്റ്റംബർ 11 മുതൽ 13 വരെ രാവിലെ 7 മുതൽ രാത്രി 11 വരെ ഷെഡ്യൂൾ ചെയ്യാത്ത വിമാന സർവീസുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കി. ഡൽഹിക്ക് ചുറ്റുമുള്ള 300 കിലോമീറ്റർ പരിധിയിലെ വിമാനത്താവളങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പന്ത്രണ്ടോളം രാഷ്ട്രത്തലവന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും ഡൽഹിയിലെത്തുന്ന സാഹചര്യത്തിലാണ് അസാധാരണ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, നിശ്ചിത സമയക്രമപ്രകാരം സർവീസ് നടത്തുന്ന സാധാരണ വാണിജ്യ വിമാനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശ പ്രതിനിധികളുമായി എത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ സർവീസ് നടത്താനാകും. ഗവർണർമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള സംസ്ഥാന ഭരണകൂടങ്ങളുടെ ഔദ്യോഗിക വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ട്. ഇന്ത്യൻ വ്യോമസേന, ബിഎസ്എഫ്, ഏവിയേഷൻ റിസർച്ച് സെന്റർ, ആർമി ഏവിയേഷൻ എന്നിവയുടെ സുരക്ഷാ, മെഡിക്കൽ അടിയന്തര സർവീസുകൾക്കും വിലക്ക് ബാധകമല്ല. അടിയന്തര സാഹചര്യങ്ങളിലെ വിഐപി ഡ്യൂട്ടികൾ ഒഴികെ സഫ്ദർജങ് വിമാനത്താവളം ഈ ദിവസങ്ങളിൽ പൂർണമായും അടച്ചിടും. ഉച്ചകോടിക്കായി വിദേശ രാഷ്ട്രത്തലവന്മാരും പ്രതിനിധി സംഘങ്ങളും എത്തുന്നതിനാൽ ഡൽഹിയിലെ വ്യോമഗതാഗതവും വിമാനത്താവള പ്രവർത്തനങ്ങളും വലിയ സമ്മർദം നേരിടുമെന്നാണ് കണക്കാക്കുന്നത്. 30-ലധികം ചാർട്ടർ വിമാനങ്ങൾ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, ഫിലിപ്പീൻസ്, അബുദാബി, എത്യോപ്യ, തായ്‌ലൻഡ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സെപ്റ്റംബർ 11ന് എത്തും. കസാക്കിസ്ഥാൻ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ സെപ്റ്റംബർ 12ന് ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഡൽഹി വിമാനത്താവളത്തിൽ പാർക്കിങ് സൗകര്യത്തിന് സമ്മർദം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നോയിഡ രാജ്യാന്തര വിമാനത്താവളം, ഹിൻഡൻ, ജയ്പുർ വിമാനത്താവളങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ലഖ്നൗ വിമാനത്താവളവും തയ്യാറാക്കിയിട്ടുണ്ട്.
സമകാലികം
32 ചാർട്ടർ വിമാനങ്ങൾ, പന്ത്രണ്ടോളം രാഷ്ട്രത്തലവന്മാർ; ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ആകാശപാതയിൽ കടുത്ത നിയന്ത്രണം
