ഒരു നടന്റെ വിപണി മൂല്യം എങ്ങനെയാണ് രൂപപ്പെടുന്നത്?
ഈ ചോദ്യത്തിന് ഒറ്റവാചകത്തിലുള്ള ഒരു ഉത്തരം കണ്ടെത്തുക എളുപ്പമല്ല. പോസ്റ്ററുകളിലും ടൈറ്റിൽ കാർഡുകളിലും വലിയ അക്ഷരത്തിൽ തെളിയുന്ന പേരുകൊണ്ട് മാത്രം ഒരു താരത്തിന്റെ വിപണി മൂല്യം നിർണയിക്കപ്പെടുന്നില്ല. ഒരു കഥാപാത്രം പ്രേക്ഷകന്റെ മനസ്സിൽ ആഴത്തിൽ പതിയുകയും, ആ കഥാപാത്രത്തിന്റെ പേരിലോ ഭാവത്തിലോ ഒരു പുതിയ സിനിമാനുഭവം രൂപപ്പെടുകയും ചെയ്യുമ്പോഴാണ് ഒരു നടൻ സ്വയം ഒരു വിപണിയായി പരിണമിക്കുന്നത്.
മലയാള സിനിമയിൽ ഈ പരിണാമത്തെ ഏറ്റവും ആഴത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന പേരുകളിലൊന്നാണ് മമ്മൂട്ടി.
-3.jpeg)
ജീവിതം സ്വാധീനിക്കുന്ന ബിഗ് ബ്രാൻഡ്
75 വയസ്സ് പിന്നിട്ടും പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്ന മമ്മൂട്ടിയുടെ ജീവിതവും കരിയറും, ഒരു അഭിനേതാവിന്റെ വിജയചരിത്രം മാത്രമല്ല. ഏത് മേഖലയിലും സ്വന്തം കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠിക്കാവുന്ന ഒരു പാഠപുസ്തകം കൂടിയാണ് അത്.
വലിയ തോൽവികളിൽ നിന്ന് വീണ്ടും ഉയർന്നുവരാനും, പരാജയങ്ങളുടെ മുന്നിൽ തളരാതെ പുതിയ വിജയങ്ങൾ പിടിച്ചെടുക്കാനും സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും കഴിയുന്ന വ്യക്തിത്വം. അതാണ് ഇന്ന് മമ്മൂട്ടി എന്ന ബിഗ് ബ്രാൻഡ്.
തോൽവിയുടെ പരകോടിയിൽ നിൽക്കുമ്പോഴും വിജയത്തിലേക്കുള്ള വഴികൾ തേടാനുള്ള മനക്കരുത്ത്—മമ്മൂട്ടി എന്ന മനുഷ്യനിൽ നിന്നും നമുക്ക് ഉൾക്കൊള്ളാവുന്ന ഏറ്റവും വലിയ പാഠങ്ങളിലൊന്നാണത്.
സ്വയം ഒരു ബ്രാൻഡായി മാറിയ ഒരാൾ
മമ്മൂട്ടിയുടെ കരിയർ പരിശോധിക്കുന്നത് പുരസ്കാരങ്ങളുടെയോ മികച്ച പ്രകടനങ്ങളുടെയോ ഒരു കണക്കെടുപ്പ് മാത്രമല്ല. കഥാപാത്രങ്ങളിലൂടെ അദ്ദേഹം സ്വയം നിർമ്മിച്ചെടുത്ത ഒരു വിപണി ചരിത്രത്തിന്റെ അന്വേഷണമാണ് അത്.
സിനിമയിൽ വെറുമൊരു അഭിനേതാവായി വന്ന മനുഷ്യൻ പിന്നീട് മലയാളവും കടന്ന് വിൽപ്പന മൂല്യമുള്ള ഒരു 'പേരായി' വളർന്നു. അതാണ് മമ്മൂട്ടി എന്ന ബ്രാൻഡിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഓരോ കാലഘട്ടത്തിലും പുതിയ കഥാപാത്രങ്ങളിലൂടെ സ്വന്തം താരപരിചയത്തെ പുനർനിർമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള യാത്ര.
‘ന്യൂഡൽഹി’: വിപണിമൂല്യം തിരിച്ചുപിടിച്ച തിരിച്ചുവരവ്
1987-ൽ പുറത്തിറങ്ങിയ ന്യൂഡൽഹി ഈ യാത്രയിലെ ഏറ്റവും നിർണായകമായ അധ്യായങ്ങളിലൊന്നാണ്.
തുടർച്ചയായ തിരിച്ചടികൾക്കിടയിൽ കരിയറിൽ ശക്തമായൊരു തിരിച്ചുവരവ് അനിവാര്യമായിരുന്ന കാലഘട്ടത്തിലാണ് മമ്മൂട്ടി ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ജി. കൃഷ്ണമൂർത്തിയെ—ജി.കെയെ—അവതരിപ്പിച്ചത്.
ജി.കെ. പതിവ് ആക്ഷൻ നായകനായിരുന്നില്ല. അധികാരകേന്ദ്രങ്ങളുടെ ചതിയിൽ കുടുങ്ങി മാനസികമായി തകർന്നുപോകുകയും, ജയിലിലടയ്ക്കപ്പെടുകയും, ഒടുവിൽ സ്വന്തം ബുദ്ധിയും മാധ്യമപ്രവർത്തനത്തിന്റെ ശക്തിയും ആയുധമാക്കി തിരിച്ചടിക്കുകയും ചെയ്യുന്ന അസാധാരണ കഥാപാത്രം.
ജി.കെ.യുടെ കണ്ണിലെ കനൽ തിയേറ്ററുകളിൽ ആളിക്കത്തിയത് ഒരു കഥാപാത്രത്തിന്റെ വിജയമായി മാത്രം മാറിയില്ല. അത് മമ്മൂട്ടി എന്ന താരശരീരത്തിന്റെ ശക്തമായ പുനർജന്മം കൂടിയായി.
ചിത്രത്തിന്റെ വമ്പൻ വിജയം മമ്മൂട്ടിയുടെ താരമൂല്യത്തിന് പുതിയ കരുത്ത് നൽകി.
ഒരു വടക്കൻ വീരഗാഥ: ചതിയനെ വീരനാക്കിയ ഇതിഹാസം
എം.ടി. വാസുദേവൻ നായർ–ഹരിഹരൻ കൂട്ടുകെട്ടിൽ 1989-ൽ എത്തിയ ഒരു വടക്കൻ വീരഗാഥ, മലയാള സിനിമയിലെ ക്ലാസിക് കൊമേഴ്സ്യൽ സിനിമകളുടെ കൊടുമുടികളിലൊന്നാണ്.
വടക്കൻപാട്ടുകളിൽ ചതിയനായി ചിത്രീകരിക്കപ്പെട്ട ചന്തു ചേകവരെ ഒരു ട്രാജിക് ഹീറോയായി പുനർവായിച്ചപ്പോൾ, മമ്മൂട്ടിയുടെ ശബ്ദവും ശരീരഭാഷയും അഭിനയത്തിന്റെ ആഴവും മലയാളിയുടെ നായകസങ്കൽപ്പത്തിന് പുതിയ മാനങ്ങൾ നൽകി.
ചരിത്രവും സാഹിത്യവും ജനപ്രിയ സിനിമയുടെ ഭാഷയിൽ അവതരിപ്പിക്കുമ്പോഴും അത് വലിയ പ്രേക്ഷകവിജയമായി മാറാമെന്ന് ചിത്രം തെളിയിച്ചു.
ചന്തു ചേകവർ ഒരു കഥാപാത്രം മാത്രമായിരുന്നില്ല; മമ്മൂട്ടിയുടെ താരമൂല്യത്തിന് പുതിയൊരു സാംസ്കാരിക അർഥം നൽകിയ കഥാപാത്രമായിരുന്നു.

സേതുരാമയ്യരും പെരുമാളും: മസിലുകളില്ലാതെ പിറന്ന മാസ്
മമ്മൂട്ടിയുടെ വാണിജ്യചരിത്രത്തിലെ മറ്റൊരു നിർണായക വഴിത്തിരിവാണ് സേതുരാമയ്യർ.
എസ്.എൻ. സ്വാമി–കെ. മധു കൂട്ടുകെട്ടിൽ പിറന്ന ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് മമ്മൂട്ടിയുടെ താരപരിചയത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
കൈകൾ പിന്നിൽ കെട്ടി ശാന്തമായി നടന്നുനീങ്ങുന്ന, ബുദ്ധി മാത്രം ആയുധമാക്കി കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥൻ എങ്ങനെ ജനപ്രിയ നായകനാകുമെന്ന് മലയാള സിനിമ കണ്ടത് സേതുരാമയ്യരിലൂടെയാണ്.
മസിലുകളോ അമിതമായ ആക്ഷൻ രംഗങ്ങളോ ഇല്ലാതെ, ബുദ്ധിയും നിരീക്ഷണശേഷിയും കൊണ്ട് ഒരു കഥാപാത്രത്തെ 'മാസ്' ആക്കാമെന്ന് ആ പരമ്പര തെളിയിച്ചു. പിന്നീട് മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ കുറ്റാന്വേഷണ ഫ്രാഞ്ചൈസികളിലൊന്നായി സേതുരാമയ്യർ വളർന്നു.
തൊട്ടുപിന്നാലെ ആഗസ്റ്റ് 1-ലൂടെ പെരുമാൾ എത്തിയപ്പോൾ മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങൾക്ക് മറ്റൊരു ഊർജം ലഭിച്ചു.
സേതുരാമയ്യർ നിശ്ചലമായ മനസ്സിന്റെ ഗണിതമായിരുന്നെങ്കിൽ, പെരുമാൾ സമയത്തോട് മത്സരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
ഒരേ നടനിൽ നിന്നുള്ള രണ്ട് വ്യത്യസ്ത നായകസങ്കൽപ്പങ്ങൾ—അതായിരുന്നു മമ്മൂട്ടിയുടെ ബ്രാൻഡ് ശക്തി
കോട്ടയം കുഞ്ഞച്ചനും ഇൻസ്പെക്ടർ ബൽറാമും: ആഘോഷമായി മാറിയ മാനറിസങ്ങൾ
1990-ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ, മമ്മൂട്ടിയുടെ അതുവരെയുള്ള നായകമാതൃകകളെ പൊളിച്ചെഴുതിയ സിനിമകളിലൊന്നായിരുന്നു.
വെള്ള ജൂബയും മുണ്ടും, റബ്ബർതോട്ടങ്ങളുടെ നാട്ടിൻപുറഭാഷയും അച്ചായൻ തനിമയും നിറഞ്ഞ കുഞ്ഞച്ചൻ മാസ്-കോമഡി സിനിമകൾക്ക് പുതിയൊരു വിപണി തുറന്നു.
കഥാപാത്രത്തിന്റെ ഭാഷയും ശരീരഭാഷയും മാനറിസങ്ങളും പ്രേക്ഷകരുടെ ആഘോഷത്തിന്റെ ഭാഗമായപ്പോൾ മമ്മൂട്ടി വീണ്ടും സ്വയം പുതുക്കുകയായിരുന്നു.
അതേസമയം, ആവനാഴിയിലൂടെ രൂപംകൊണ്ട ഇൻസ്പെക്ടർ ബൽറാം പിന്നീട് കൂടുതൽ വിപുലമായ ജനപ്രിയത കൈവരിച്ചു. അധികാരത്തോട് ഏറ്റുമുട്ടുന്ന ശക്തനായ പോലീസ് ഉദ്യോഗസ്ഥന്റെ രൂപത്തിൽ മമ്മൂട്ടി മലയാളികളുടെ മനസ്സിൽ പതിഞ്ഞു.
'പോലീസ് കഥാപാത്രം' എന്ന ആശയത്തിനുപോലും മമ്മൂട്ടിയുടെ താരസാന്നിധ്യം സ്വന്തമായൊരു വിപണി മൂല്യം നൽകി.

വാറുണ്ണിയും പുട്ടുറുമീസും: സൂപ്പർസ്റ്റാറിനെ മായ്ച്ചുകളഞ്ഞ പ്രതിഭ
ഒരു വലിയ താരത്തിന് സ്വന്തം സൗന്ദര്യത്തെയും ശരീരഭാഷയെയും താരപരിചയത്തെയും കഥാപാത്രത്തിനുവേണ്ടി പൂർണമായും മാറ്റിവെക്കാൻ കഴിയുമോ?
ഈ ചോദ്യത്തിനുള്ള ശക്തമായ ഉത്തരങ്ങളാണ് മൃഗയയിലെ വാറുണ്ണിയും സൂര്യമാനസംത്തിലെ പുട്ടുറുമീസും.
-4.jpeg)
ലോഹിതദാസ്–ഐ.വി. ശശി കൂട്ടുകെട്ടിൽ പിറന്ന മൃഗയയിൽ വന്യതയും നിസ്സഹായതയും ഇഴചേർന്ന വാറുണ്ണിയായും, സൂര്യമാനസത്തിൽ ഭീമാകാരമായ ശരീരത്തിനുള്ളിൽ കുഞ്ഞുമനസ്സുമായി ജീവിക്കുന്ന ഉറുമീസായും മമ്മൂട്ടി മാറി.
അവിടെ സൂപ്പർസ്റ്റാർ മമ്മൂട്ടിയെ കാണാനായില്ല. കഥാപാത്രത്തിന്റെ സത്യസന്ധതയ്ക്കുള്ളിൽ സ്വയം മറച്ചുവെച്ച ഒരു നടനെയാണ് പ്രേക്ഷകർ കണ്ടത്.
താരമൂല്യത്തെ കഥാപാത്രത്തിന്റെ മുന്നിൽ ബലിയർപ്പിക്കാനുള്ള ഈ ധൈര്യമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്.
രാജമാണിക്യം: വാണിജ്യ സമവാക്യങ്ങളുടെ പുനർനിർമ്മിതി
2005-ൽ അൻവർ റഷീദിന്റെ അരങ്ങേറ്റ സംവിധാന സംരംഭമായ രാജമാണിക്യം, മലയാള സിനിമയുടെ വാണിജ്യസമവാക്യങ്ങളെ മാറ്റിയെഴുതിയ ചിത്രങ്ങളിലൊന്നായിരുന്നു.
ബെല്ലാരിയിൽ നിന്ന് കേരളത്തിലെത്തിയ രാജയുടെ ഭാഷാപ്രയോഗവും, വർണാഭമായ വസ്ത്രങ്ങളും, ശരീരഭാഷയും സംഭാഷണശൈലിയും അന്നുവരെയുള്ള മമ്മൂട്ടി കഥാപാത്രങ്ങളുടെ പല സങ്കൽപ്പങ്ങളെയും തകർത്തു.
മമ്മൂട്ടി എന്ന താരത്തെ പ്രേക്ഷകർ വീണ്ടും പുതിയ രീതിയിൽ ആഘോഷിച്ചു.
ചിത്രം വലിയ വിജയമായതോടെ ഉത്സവസിനിമകളുടെ ഭാഷയ്ക്കും വിപണിക്കും പുതിയ ദിശ ലഭിച്ചു.
രാജമാണിക്യം തെളിയിച്ചത് ഒരേയൊരു കാര്യമാണ്—ഒരു നടൻ എത്ര വലിയ താരമായാലും, സ്വയം ആവർത്തിക്കാതെ പുതുതായി ജനിക്കാൻ തയ്യാറാണെങ്കിൽ വിപണിയും വീണ്ടും അയാളെ സ്വീകരിക്കും.
കൾട്ടായ ബിലാലും പുതിയ കാലത്തെ മൈക്കിളും
2007-ൽ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി റിലീസ് സമയത്ത് പ്രതീക്ഷിച്ച രീതിയിലുള്ള വമ്പൻ ബോക്സ് ഓഫീസ് തരംഗമായിരുന്നില്ല.
എന്നാൽ സിനിമയുടെ മേക്കിങ് ശൈലിയും ഫ്രെയിമുകളും സംഗീതവും ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രവും പിന്നീട് സൃഷ്ടിച്ച സാംസ്കാരിക സ്വാധീനം അതിനെ ഒരു കൾട്ട് ക്ലാസിക്കായി മാറ്റി.
കാലം കഴിഞ്ഞപ്പോൾ സിനിമയുടെ സ്വാധീനം കൂടുതൽ ശക്തമായി.
ബിലാൽ ഒരു കഥാപാത്രത്തിൽ നിന്ന് ഒരു പോപ്പ് കൾച്ചർ പ്രതിഭാസമായി മാറി.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അമൽ നീരദിനൊപ്പം ഭീഷ്മപർവ്വം എത്തിയപ്പോൾ പ്രായത്തെ പോലും തന്റെ ഏറ്റവും വലിയ കരുത്താക്കി മാറ്റുന്ന മൈക്കിളപ്പനെയാണ് പ്രേക്ഷകർ കണ്ടത്.
ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും ചേർന്നപ്പോൾ മൈക്കിൾ പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കണായി മാറി.
പ്രായം കൂടുന്തോറും താരമൂല്യം കുറയണമെന്ന സിനിമാ വ്യവസായത്തിന്റെ പഴയ കണക്കുകൂട്ടലുകളെ മമ്മൂട്ടി വീണ്ടും ചോദ്യം ചെയ്തു.

മമ്മൂട്ടി കമ്പനി: എഴുപതുകൾക്കപ്പുറത്തെ പരീക്ഷണങ്ങൾ
എഴുപത് വയസ്സ് പിന്നിട്ടിട്ടും സുരക്ഷിതമായ താരസങ്കേതങ്ങളിലേക്ക് മടങ്ങാതെ, പുതിയ പരീക്ഷണങ്ങളിലൂടെ പ്രേക്ഷകരെയും വിപണിയെയും അമ്പരപ്പിച്ച കാലഘട്ടമാണ് മമ്മൂട്ടിയുടെ സമീപകാല സിനിമാജീവിതം.
സ്വന്തം നിർമ്മാണ സ്ഥാപനമായ മമ്മൂട്ടി കമ്പനിയിലൂടെ അദ്ദേഹം എടുത്ത സിനിമാ തീരുമാനങ്ങൾ മലയാള സിനിമയ്ക്ക് പുതിയ വഴികൾ തുറന്നു.
റോഷാക്ക് എന്ന ചിത്രത്തിലെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിലൂടെ അസാധാരണമായൊരു സൈക്കോളജിക്കൽ ത്രില്ലർ അനുഭവം സൃഷ്ടിച്ചു.
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ ജെയിംസായും സുന്ദരമായും മാറിയ പരകായപ്രവേശം രാജ്യാന്തര ശ്രദ്ധ നേടി.
കണ്ണൂർ സ്ക്വാഡ് റിയലിസ്റ്റിക് അന്വേഷണ ത്രില്ലറുകൾക്കും ശക്തമായ വാണിജ്യസാധ്യതയുണ്ടെന്ന് തെളിയിച്ചു.
മറ്റൊരു പരീക്ഷണം
ഭ്രമയുഗം എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണ ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചു.
നായകന്റെ പരമ്പരാഗത പ്രതിച്ഛായയിൽ നിന്ന് പിന്മാറാനും, പ്രായോഗികമായി അപകടസാധ്യതയുള്ള സിനിമകളിൽ അഭിനയിക്കാനും തയ്യാറാകുന്ന ഒരു താരത്തിന്റെ ആത്മവിശ്വാസമാണ് ഈ സിനിമകളിലൂടെ പ്രകടമായത്.
75-ലും നവീകരിക്കപ്പെടുന്ന ബ്രാൻഡ്
ഒരു ഫോർമുലയിലും സ്വയം തളച്ചിടാതിരിക്കുക എന്നതാണ് മമ്മൂട്ടിയുടെ വിപണി രഹസ്യം.
ജി.കെ.യിലൂടെ പ്രതികാരവും, സേതുരാമയ്യരിലൂടെ ബുദ്ധിയും, കുഞ്ഞച്ചനിലൂടെ ആഘോഷവും, വാറുണ്ണിയിലൂടെ വന്യതയും, രാജമാണിക്യത്തിലൂടെ ചിരിയും, ബിലാലിലൂടെ സ്റ്റൈലും, കൊടുമൺ പോറ്റിയിലൂടെ ഭയവും സമ്മാനിച്ചാണ് അദ്ദേഹം തന്റെ താരപരിചയത്തെ നിരന്തരം വികസിപ്പിച്ചത്.

മമ്മൂട്ടി എന്ന ബ്രാൻഡ് കാലഹരണപ്പെടാത്തതിന്റെ കാരണം ഭൂതകാല വിജയങ്ങളുടെ തണലിൽ അദ്ദേഹം വിശ്രമിച്ചില്ല എന്നതാണ്.
ഓരോ വിജയത്തിനുശേഷവും അടുത്ത ചോദ്യം അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നു:
“ഇനി ഞാൻ എന്താണ് ചെയ്യാൻ പോകുന്നത്?”
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ആ ചോദ്യത്തിന് അദ്ദേഹം കണ്ടെത്തിയ ഉത്തരങ്ങളാണ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കഥാപാത്രങ്ങളായി മാറിയത്.
അതുകൊണ്ടുതന്നെ മമ്മൂട്ടി ഒരു നടനും താരവും മാത്രമല്ല,
സ്വന്തം പരാജയങ്ങളിൽ നിന്ന് തിരിച്ചുവന്ന്, വിജയങ്ങളെ പോലും ആവർത്തിക്കാതെ, ഓരോ കാലത്തും സ്വയം പുനർനിർമിച്ചെടുത്ത
മലയാള സിനിമയുടെ ബിഗ് ബ്രാൻഡ്.
തയ്യാറാക്കിയത്:പ്രശോഭ് രവി
