ഭീകരവാദത്തിലെ ഇന്ത്യൻ ആശങ്കകൾ മനസ്സിലാകുന്നില്ലെങ്കിൽ ബന്ധത്തെ ബാധിക്കും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ജയശങ്കർ

2026 സെപ്റ്റംബർ 29 • 04:37 PM
അകം ന്യൂസ് ഡെസ്ക്
ഭീകരവാദത്തിലെ ഇന്ത്യൻ ആശങ്കകൾ മനസ്സിലാകുന്നില്ലെങ്കിൽ ബന്ധത്തെ ബാധിക്കും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ജയശങ്കർ

ന്യൂഡൽഹി: ഭീകരവാദവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ അമേരിക്ക വേണ്ടത്ര മനസ്സിലാക്കുന്നില്ലെങ്കിൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളായി ഒരു അയൽരാജ്യത്തിൽനിന്ന് ഇന്ത്യ ആസൂത്രിതമായ ഭീകരവാദം നേരിടുകയാണെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഭീകരവാദം ഏറെ നിർണായകമായ സുരക്ഷാ വിഷയമാണ്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനോട് ആവശ്യമായ ധാരണയോ അംഗീകാരമോ സഹാനുഭൂതിയോ പങ്കാളി രാജ്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ പ്രധാന ആശങ്കകളിലൊന്ന് പങ്കാളി രാജ്യം പൂർണമായി ഉൾക്കൊള്ളാത്ത സാഹചര്യമുണ്ടായാൽ അതിന്റെ പ്രതിഫലനം ഉഭയകക്ഷി ബന്ധത്തിലുണ്ടാകുമെന്നും ജയശങ്കർ പറഞ്ഞു.

പാക്കിസ്ഥാന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ജയശങ്കറിന്റെ വിമർശനം. ദീർഘകാലമായി അയൽരാജ്യം ഭീകരവാദത്തെ നയപരമായ ഉപാധിയായി ഉപയോഗിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഭീകരവാദവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകൾക്ക് അമേരിക്ക കൂടുതൽ പരിഗണന നൽകണമെന്ന സന്ദേശമാണ് ജയശങ്കറിന്റെ വാക്കുകളിൽ വ്യക്തമാകുന്നത്.

ഇന്ത്യ–യുഎസ് ബന്ധത്തിൽ നിലവിൽ വ്യാപാര ചർച്ചകളും ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് പ്രധാന വെല്ലുവിളികളെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. അതേസമയം, അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കുണ്ടെന്നും നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.