നാഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. 6.53 മീറ്റർ ദൂരമാണ് ആൻസിയുടെ മികച്ച ചാട്ടം. അവസാന റൗണ്ട് വരെ സ്വർണ മെഡൽ പ്രതീക്ഷ നിലനിർത്തിയ ആൻസിയെ രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിലാണ് ചൈനീസ് താരം ഹുവാങ് യിൻയിങ് മറികടന്നത്.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആൻസിയായിരുന്നു ഒന്നാം സ്ഥാനത്ത്. ആദ്യ ശ്രമത്തിൽ 6.49 മീറ്റർ ചാടിയ താരം അഞ്ചാം ശ്രമത്തിലാണ് 6.53 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയത്. ഇതോടെ സ്വർണത്തിലേക്ക് ആൻസി അടുത്തെത്തിയിരുന്നു. എന്നാൽ അവസാന ശ്രമത്തിൽ ചൈനയുടെ ഹുവാങ് യിൻയിങ് 6.55 മീറ്റർ ചാടി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
ഇതോടെ തുടർച്ചയായ ഏഷ്യൻ ഗെയിംസുകളിൽ വനിതകളുടെ ലോങ് ജംപിൽ വെള്ളി നേടുന്ന താരമായി ആൻസി മാറി. ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലും ആൻസി വെള്ളി നേടിയിരുന്നു.
2026 ജൂണിൽ ഭുവനേശ്വറിൽ 6.88 മീറ്റർ ചാടി അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തിരുത്തിയ ആൻസിയുടെ മികച്ച പ്രകടനങ്ങളുടെ തുടർച്ചയാണ് ഏഷ്യൻ ഗെയിംസിലെ ഈ വെള്ളി മെഡൽ.
മറ്റൊരു ഇന്ത്യൻ താരം ശൈലി സിങ് 6.42 മീറ്റർ ചാടി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന റൗണ്ടിൽ ചൈനയുടെ ടാൻ മെങ്‌യി 6.46 മീറ്റർ ചാടി ശൈലിയെ മറികടന്നതോടെയാണ് ഇന്ത്യൻ താരത്തിന് മെഡൽ നഷ്ടമായത്.
കേരളത്തിന്റെ അഭിമാനമായി വീണ്ടും ഏഷ്യൻ ഗെയിംസ് വേദിയിൽ മെഡൽ നേട്ടം ആവർത്തിച്ചിരിക്കുകയാണ് ആൻസി സോജൻ.
