വായനയുടെ നഗരമായി കണ്ണൂർ; ലിറ്റററി ഫെസ്റ്റിന് തിരിതെളിച്ച് അടൂർ ഗോപാലകൃഷ്ണൻ

2026 ഒക്‌ടോബർ 2 • 07:57 PM
അകം ന്യൂസ് ഡെസ്ക്
വായനയുടെ നഗരമായി കണ്ണൂർ; ലിറ്റററി ഫെസ്റ്റിന് തിരിതെളിച്ച് അടൂർ ഗോപാലകൃഷ്ണൻ
ചിത്രം:അജിത് കൂവോട്

‘നല്ല ഗ്രന്ഥശാലകളും സജീവമായ വായനാസമൂഹവും കണ്ണൂരിന്റെ കരുത്ത്’; AIയുടെ സാധ്യതകൾക്കൊപ്പം അപകടങ്ങളും ഓർമിപ്പിച്ച് അടൂർ

കണ്ണൂർ: സാഹിത്യവും വായനയും സംസ്കാരവും സിനിമയും സംഗീതവും ജീവിതവും പരിസ്ഥിതിയും ഒരുമിക്കുന്ന വേദിയായി കണ്ണൂർ ലിറ്റററി ഫെസ്റ്റിന് തുടക്കമായി. ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കണ്ണൂർ ലിറ്റററി ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു.

കണ്ണൂരിൽ മികച്ച ഗ്രന്ഥശാലകളും ശക്തമായ വായനാസമൂഹവുമുണ്ടെന്നത് ഏറെ സന്തോഷകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. വായനയുമായും ഗ്രന്ഥശാലാ പ്രവർത്തനങ്ങളുമായും തനിക്കുള്ള അടുപ്പവും അദ്ദേഹം പങ്കുവച്ചു. നവമാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞ അദ്ദേഹം, അതേസമയം കാലത്തിന്റെ പുതിയ സാങ്കേതിക സാധ്യതകളെക്കുറിച്ചും സംസാരിച്ചു.

കൃത്രിമബുദ്ധിയുടെ (AI) സാധ്യതകൾ വലിയതാണെങ്കിലും അതിന്റെ അപകടങ്ങളെക്കുറിച്ചും സമൂഹം ജാഗ്രത പുലർത്തണമെന്ന് അടൂർ ഗോപാലകൃഷ്ണൻ ഓർമിപ്പിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ എം.എൻ. കാരശ്ശേരിയുടെ ഗാന്ധിയൻ പ്രഭാഷണത്തോടെയാണ് ഫെസ്റ്റിന് തുടക്കമായത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ സാഹിത്യം, സംസ്കാരം, ജീവിതം, പരിസ്ഥിതി, സിനിമ, സംഗീതം തുടങ്ങി വിവിധ മേഖലകളിലെ വിഷയങ്ങൾ ചർച്ചയാകും.

ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ സി.വി. ബാലകൃഷ്ണൻ ആമുഖഭാഷണം നടത്തി.

ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതവും ജവഹർ ലൈബ്രറി വർക്കിങ് ചെയർമാൻ എം. രത്നകുമാർ നന്ദിയും രേഖപ്പെടുത്തി.