തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ താൽപര്യപ്രകാരം തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മുടിയുടെ നീളം ചൂണ്ടിക്കാട്ടി വിദ്യാർഥികളെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ക്ലാസിൽ നിന്ന് മാറ്റിനിർത്തുകയോ വിവേചനപരമായി പെരുമാറുകയോ ശിക്ഷാനടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ വ്യക്തമാക്കി.
മുടി വളർത്തുന്ന കുട്ടികൾ കണ്ണുകളോ മുഖമോ മറയാത്ത രീതിയിൽ വൃത്തിയായും സുരക്ഷിതമായും മുടി പരിപാലിക്കണം. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങിയവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ കണക്കിലെടുത്ത് മുടി കെട്ടിവയ്ക്കുകയോ ഹെയർബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ വേണം. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളോ നിറങ്ങളോ മുടിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ലിംഗനിർണയം നടത്താത്ത കുട്ടികൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും വസ്ത്രധാരണ രീതി തിരഞ്ഞെടുക്കുന്നതിനും അവകാശമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. മുടിയുടെ നീളം സംബന്ധിച്ച കാരണങ്ങളാൽ ആൺകുട്ടികളോടും ട്രാൻസ്ജെൻഡർ കുട്ടികളോടും വിവേചനം കാണിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠന പുരോഗതിക്കും വ്യക്തിത്വവികസനത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്‌കർ വ്യക്തമാക്കി.
മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സി.ബി.എസ്.ഇയും വ്യക്തമായ മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാർഗനിർദേശങ്ങൾ തയ്യാറാക്കുന്ന സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തി അവരുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും നിർദേശമുണ്ട്.
മുടി വളർത്തുന്ന ആൺകുട്ടികളെ സ്കൂൾ അധികൃതർ വിവേചനപരമായി സമീപിക്കുന്നുവെന്ന പരാതിയിലും, പതിനൊന്നാം ക്ലാസ് വിദ്യാർഥിയോട് മുടി വെട്ടി വരാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദേശം തേടിയ സ്കൂൾ പ്രിൻസിപ്പലിന്റെ ഹർജിയിലും കമ്മീഷൻ പരിഗണന നടത്തി. ഈ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.
കമ്മീഷന്റെ ശിപാർശകൾ പ്രകാരം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
