ബലാത്സംഗക്കേസുകളിൽ ലിംഗവിവേചനപരവും സദാചാരപരവുമായ പദപ്രയോഗങ്ങൾ ഒഴിവാക്കണം; അതിജീവിതരുടെ അന്തസ്സും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും കോടതി ന്യൂഡൽഹി: ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകൾ പരിഗണിക്കുമ്പോൾ കോടതികൾ ഉപയോഗിക്കുന്ന ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതോ ലിംഗവിവേചനം പ്രകടമാക്കുന്നതോ ആകരുതെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ അതിജീവിതരുടെ അന്തസ്സും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന, കൂടുതൽ സംവേദനക്ഷമമായ സമീപനം സ്വീകരിക്കണമെന്നും രാജ്യത്തെ കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകി. വിധിന്യായങ്ങളിലും ഉത്തരവുകളിലും ഇരയുടെ സ്വഭാവത്തെയോ ലൈംഗിക ജീവിതത്തെയോ സദാചാരത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. ഒഴിവാക്കേണ്ടത് സദാചാരപരമായ പദപ്രയോഗങ്ങൾ ‘ചരിത്ര്യം നഷ്ടപ്പെട്ടു’, ‘മാനഭംഗം സംഭവിച്ചു’, ‘നിസ്സഹായ സ്ത്രീ’ തുടങ്ങിയ പ്രയോഗങ്ങൾ വിധികളിലും ഉത്തരവുകളിലും ഉപയോഗിക്കരുതെന്നാണ് നിർദേശം. ‘ചരിത്രം’, ‘മാനം’, ‘ലജ്ജ’, ‘ശുദ്ധി’ തുടങ്ങിയ സദാചാരപരമായ ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭാഷയും ഒഴിവാക്കണം. ഇതിന് പകരം ‘അതിജീവിത’, ‘ഇര’, ‘പരാതിക്കാരി’ തുടങ്ങിയ കൃത്യമായ പദങ്ങൾ ഉപയോഗിക്കാം. ലൈംഗികാതിക്രമത്തെ ‘ശാരീരിക ബന്ധം’ എന്ന തരത്തിൽ ലഘൂകരിക്കുന്നതിന് പകരം ‘ബലാത്സംഗം’, ‘ലൈംഗികാതിക്രമം’, ‘ലൈംഗിക പീഡനം’ തുടങ്ങിയ കൃത്യമായ പദങ്ങൾ തന്നെ ഉപയോഗിക്കണമെന്നും കോടതി നിർദേശിച്ചു. വസ്ത്രധാരണവും മുൻകാല ജീവിതവും വിലയിരുത്തരുത് അതിജീവിതയുടെ വസ്ത്രധാരണം, പെരുമാറ്റം, സ്വഭാവം, മുൻകാല ലൈംഗിക ജീവിതം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതികൂല നിഗമനങ്ങളിലെത്തരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പരാതി നൽകുന്നതിലുണ്ടായ കാലതാമസവും അതിജീവിതയെ കുറ്റപ്പെടുത്തുന്നതിനുള്ള കാരണമാകരുത്. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് വൈകാരികമോ ധാർമികമോ ആയ വിലയിരുത്തലുകൾ നടത്തുന്നതും ഒഴിവാക്കണം. സമ്മതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യം ഒരു സ്ത്രീയുടെ ലൈംഗിക ജീവിതത്തെ അടിസ്ഥാനമാക്കി അവളുടെ സ്വഭാവം വിലയിരുത്തുന്ന സമീപനം ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മതം, വ്യക്തിസ്വാതന്ത്ര്യം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയ ഭരണഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയാകണം ഇത്തരം കേസുകളിലെ നിയമപരമായ സമീപനമെന്നും കോടതി വ്യക്തമാക്കി. കോടതി മുറികളിലും അതിജീവിത സൗഹൃദ സമീപനം കോടതി മുറികളിൽ അതിജീവിതരോട് മാന്യമായും സുരക്ഷിതമായും പെരുമാറുന്നുവെന്ന് ജുഡീഷ്യറി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അനാവശ്യമായ പൊതു സാന്നിധ്യം നിയന്ത്രിക്കുക, പ്രതികളുടെ ഭീഷണിപ്പെടുത്തുന്ന ഇടപെടലുകൾ തടയുക, ലൈംഗിക ചരിത്രവുമായി ബന്ധപ്പെട്ട അപമാനകരമായ ചോദ്യങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണം. ആവശ്യമായ സാഹചര്യങ്ങളിൽ ഇൻ-ക്യാമറ വിചാരണ, സാക്ഷി സംരക്ഷണം, നിയമസഹായം, കൗൺസിലിംഗ് എന്നിവ ഉറപ്പാക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. 125 വിധികൾ പരിശോധിച്ച് റിപ്പോർട്ട് സുപ്രീംകോടതി നിയോഗിച്ച മുൻ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണ് വിവിധ ട്രയൽ കോടതികളിലെ 125 വിധികൾ പരിശോധിച്ച് റിപ്പോർട്ടും ശുപാർശകളും സമർപ്പിച്ചത്. 2026 ഫെബ്രുവരിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തെ തുടർന്നാണ് സമിതി രൂപീകരിച്ചത്. ലൈംഗികാതിക്രമ കേസുകളിലെ നിയമനടപടികൾ അതിജീവിതരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിലായിരിക്കണമെന്ന സുപ്രധാന സന്ദേശമാണ് സുപ്രീംകോടതിയുടെ പുതിയ മാർഗനിർദേശങ്ങൾ നൽകുന്നത്.
സമകാലികം
വിധിന്യായങ്ങളിൽ ഇരയെ കുറ്റപ്പെടുത്തുന്ന ഭാഷ പാടില്ല; സുപ്രീംകോടതിയുടെ കർശന നിർദ്ദേശം.
