ന്യൂഡൽഹി: യുപിഐ (UPI) ഇടപാടുകൾക്ക് വീണ്ടും മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം പുതിയ ഭേദഗതി നിർദ്ദേശിച്ചു. 2007ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുത്താനാണ് നീക്കം.
കേന്ദ്ര സർക്കാരിന് അധികാരം
പുതിയ ഭേദഗതി നിലവിൽ വന്നാൽ ഏതൊക്കെ യുപിഐ ഇടപാടുകൾക്ക് സീറോ എംഡിആർ തുടരണമെന്നും ഏതൊക്കെ ഇടപാടുകളിൽ എംഡിആർ ചുമത്താമെന്നും തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് ലഭിക്കും.
നിലവിൽ ഓൺലൈൻ പേയ്മെന്റുകൾക്ക് ചാർജുകൾ ഈടാക്കുന്നതിൽ നിന്ന് ബാങ്കുകളെയും പേയ്മെന്റ് പ്രൊവൈഡർമാരെയും വിലക്കുന്ന സെക്ഷൻ 10എ പ്രകാരമുള്ള സീറോ എംഡിആർ വ്യവസ്ഥയാണ് നിലവിലുള്ളത്. പുതിയ ഭേദഗതിയിലൂടെ സർക്കാർ നിശ്ചയിക്കുന്ന ചില യുപിഐ ഇടപാടുകൾക്ക് എംഡിആർ ബാധകമാക്കാനാകും. മറ്റ് ഇടപാടുകൾ സീറോ എംഡിആറിൽ തന്നെ തുടരും.
എന്താണ് എംഡിആർ?
ഉപയോക്താക്കൾ നടത്തുന്ന ഡിജിറ്റൽ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിനായി വ്യാപാരികൾ ബാങ്കുകൾക്കും പേയ്മെന്റ് പ്രൊവൈഡർമാർക്കും നൽകേണ്ട ഫീസാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR).
ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2020 മുതൽ യുപിഐ, റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് കേന്ദ്ര സർക്കാർ സീറോ എംഡിആർ ആണ് നിശ്ചയിച്ചിരിക്കുന്നത്.
ഉദാഹരണത്തിന്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി 1,000 രൂപയുടെ ഇടപാട് നടത്തുമ്പോൾ നിശ്ചിത ശതമാനം തുക എംഡിആറായി ഈടാക്കിയ ശേഷമാണ് ബാക്കി തുക വ്യാപാരിക്ക് ലഭിക്കുക. എന്നാൽ നിലവിലെ യുപിഐ ഇടപാടുകളിൽ വ്യാപാരിക്ക് മുഴുവൻ തുകയും ലഭിക്കുന്നതാണ്.
ഉപയോക്താക്കളെ ബാധിക്കുമോ?
പുതിയ ഭേദഗതി പാസായാൽ ഏതൊക്കെ ഇടപാടുകൾക്കാണ് എംഡിആർ ബാധകമാക്കുകയെന്ന് ധനമന്ത്രാലയം തീരുമാനിക്കും. എന്നാൽ യുപിഐ ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കളിൽ നിന്ന് എംഡിആർ ഈടാക്കാനുള്ള നിർദേശം ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല.
എംഡിആർ ഏർപ്പെടുത്തിയാൽ അതിന്റെ ചെലവ് വ്യാപാരികളാണ് വഹിക്കേണ്ടത്. അതിനാൽ ഉപയോക്താക്കൾക്ക് അധിക ചാർജുകളോ ട്രാൻസാക്ഷൻ ഫീസോ നൽകേണ്ടിവരില്ലെന്നാണ് നിർദേശം.
പേയ്മെന്റ് വ്യവസായത്തിന്റെ ആവശ്യം
സീറോ എംഡിആർ നയം ദീർഘകാലാടിസ്ഥാനത്തിൽ യുപിഐ നെറ്റ്‌വർക്കിന്റെ പ്രവർത്തനത്തിനും വളർച്ചയ്ക്കും സാമ്പത്തികമായി പ്രയാസങ്ങൾ സൃഷ്ടിക്കുന്നുവെന്ന പേയ്മെന്റ് വ്യവസായത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഭേദഗതിയുമായി മുന്നോട്ടുപോകുന്നത്.
പുതിയ ഭേദഗതി നടപ്പായാൽ എല്ലാ യുപിഐ ഇടപാടുകൾക്കും എംഡിആർ ബാധകമാകില്ല. കേന്ദ്ര സർക്കാർ നിർദേശിക്കുന്ന പ്രത്യേക വിഭാഗം ഇടപാടുകൾക്കായിരിക്കും എംഡിആർ ഏർപ്പെടുത്തുക.
